മനാമ: ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ IIMAD സഹകരണത്തോടെ പ്രവാസി ലീഗൽ സെൽ (PLC) തുടങ്ങുന്ന പ്രവാസി ഹെൽപ് ഡെസ്കിന്റെ ധാരണപത്രം 23ന് ഒപ്പുവെക്കും. തിരുവനന്തപുരത്തുവെച്ചാണ് ചടങ്ങ് നടക്കുന്നത്.
പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും IIMADക്കുവേണ്ടി അധ്യക്ഷൻ പ്രഫ. ഇരുദയരാജനുമാണ് ധാരണപത്രം ഒപ്പിടുന്നത്.
പ്രവാസികൾക്ക് തങ്ങളുടെ നിയമപരമായ പ്രശ്നങ്ങൾക്ക് വിവിധങ്ങളായ പരിഹാരമാർഗങ്ങൾ ഹെൽപ് ഡെസ്ക് മുഖേന ലഭ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് പ്രവാസി ലീഗൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ പറഞ്ഞു. തിരുവന്തപുരം ആസ്ഥാനമായാണ് പ്രവാസി ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നരപ്പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സർക്കാറിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചുവരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്.
വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരള ഹൈകോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പാക്കിയ സ്പെഷൽ ടാസ്ക് ഫോഴ്സ് ഉൾപ്പെടെ സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഡൽഹി ഹൈകോടതി നൽകിയിട്ടുണ്ട്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ആരംഭിക്കുന്ന പ്രവാസി ഹെൽപ് ഡെസ്ക് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തുണയാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ അബൂദബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ -അജ്മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറാബി വലിയകത്ത്, യു.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, വനിത വിഭാഗം ഇന്റർനാഷനൽ പ്രസിഡന്റ് ഷൈനി ഫ്രാങ്ക് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.