മനാമ: ലോക സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ശിവഗിരി മഠവുമായി സഹകരിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വത്തിക്കാനിലെ ഔദ്യോഗിക കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ബഹ്റൈനിൽനിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തു. കെ.ജി. ബാബുരാജിന്റെ നേതൃത്വത്തിൽ എബ്രഹാം ജോൺ, വർഗീസ് കാരയ്ക്കൽ, ബിജു ജോർജ് എന്നിവരാണ് പങ്കെടുത്തത്.
ശ്രീനാരായണഗുരു 1924 നവംബർ രണ്ടിന് ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുകൂട്ടിയ ലോക സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ശിവഗിരി മഠത്തിന്റെ അഭ്യർഥനപ്രകാരം വത്തിക്കാനിൽവെച്ച് ആകമാന കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിലാണ് നടന്നത്. വത്തിക്കാൻ സ്ക്വയറിലുള്ള സെന്റ് പീറ്റേഴ്സ് മന്ദിരത്തിൽ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 300ൽപരം പ്രതിനിധികൾ പങ്കെടുത്തു. പൊതുയോഗത്തിൽ ക്രൈസ്തവ, ഹൈന്ദവ, ഇസ്ലാമിക്, ബുദ്ധ, സിഖ് സമുദായ ആചാര്യന്മാരുടെയും മതപണ്ഡിതരുടെയും സാന്നിധ്യമുണ്ടായിരുന്നു.
ശിവഗിരി മഠാധിപൻ, ശിവഗിരി മഠ പ്രതിനിധികൾ എന്നിവരും എത്തിയിരുന്നു. എല്ലാവരും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
‘ദൈവദശകം’ ലത്തീൻ ഭാഷയിൽ വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ കുട്ടികൾ ആലപിക്കുകയുണ്ടായി. കുട്ടികൾക്ക് ഫ്രാൻസിസ് മാർപാപ്പ സമ്മാനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.