മനാമ: ഗൾഫ് ഹെൽത്ത് കെയർ ആൻഡ് സ്പോർട്സ് സമ്മേളനത്തിന് ഇന്ന് ബഹ്റൈനിൽ തുടക്കമാവും. യുവജന, കായിക കാര്യ ഉന്നതാധികാര കൗൺസിൽ ഒന്നാം ഉപാധ്യക്ഷനും സ്പോർട്സ് കൗൺസിൽ ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി തലവനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ഡിപ്ലോമാറ്റ് ഹോട്ടലിലാണ് സമ്മേളനം. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള വിദഗ്ധർ വിഷയമവതരിപ്പിക്കുകയും അവയെ കേന്ദ്രീകരിച്ച് ചർച്ചയും നിരൂപണവും നടക്കുകയും ചെയ്യും.
ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ബഹ്റൈൻ വേദിയാവുന്നത്. സമ്മേളനം കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബഹ്റൈൻ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഫുആദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ആരോഗ്യ, കായിക മേഖലയിലെ വിവിധ തലങ്ങളിലുള്ള വിഷയങ്ങളും ഈ രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കാനുള്ള സാധ്യതകളും സമ്മേളനം ചർച്ച ചെയ്യുന്നുണ്ട്. ആരോഗ്യ മേഖലയിൽ തീരുമാനാധികാരമുള്ള സംഘത്തെ വളർത്തിക്കൊണ്ടുവരുന്നതിനും മെച്ചപ്പെട്ടതും സുരക്ഷിതവുമായ ആരോഗ്യരംഗം രൂപപ്പെടുത്തുന്നതിനും സമ്മേളനം ശക്തിപകരുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.