മനാമ: നാട്ടിൽ വെച്ചുള്ള ശീലമായിരുന്ന പ്രഭാത പത്രവായന തിരികെ കൊണ്ടുവരാൻ ഗൾഫ് മാധ്യമത്തിന്റെ പിറവി കാരണമായി. പ്രവാസികൾക്കിടയിൽ നഷ്ടമായിരുന്ന വായനാശീലം തിരികെക്കൊണ്ടുവന്നതും ഗൾഫ് മാധ്യമമാണ്. ലോകമെമ്പാടുമുള്ള വാർത്തകൾ അറിയാൻ ഈ പത്രം സഹായകരമാണ്. വാർത്തകൾ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഗൾഫ്മാധ്യമം ശ്രദ്ധ പുലർത്തുന്നു എന്നത് സന്തോഷകരമാണ്.
കാപട്യമില്ലാതെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവരുടെ വിവരങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നതിലൂടെ ആത്മാർഥമായ പ്രവർത്തനം നടത്തുന്നവരെ സമൂഹത്തിന് തിരിച്ചറിയാൻ സാധിക്കുന്നു. എന്നു മാത്രമല്ല, കാരുണ്യ പ്രവർത്തനം നടത്തുന്നവർക്കുള്ള അംഗീകാരം കൂടിയാണ് ഈ വാർത്തകൾ. അത് മറ്റുള്ളവർക്ക് പ്രചോദകമായി മാറുകയും ചെയ്യുന്നു.തുടങ്ങിയ നാൾമുതൽ ഗൾഫ് മാധ്യമം അവധി ദിവസങ്ങളിലല്ലാതെ പ്രസിദ്ധീകരിക്കാതിരുന്നിട്ടില്ല.
ഇതിനുശേഷം പ്രസിദ്ധീകരണം തുടങ്ങിയ പല പത്രങ്ങളും പല കാരണങ്ങളാൽ നിന്നുപോയി. ഗൾഫ്മാധ്യമം ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. കോവിഡ് കാലത്തുപോലും ഒറ്റ ദിവസം മുടങ്ങാതെ പത്രം വായനക്കാർക്കു മുന്നിലെത്തി. ഇറാഖ് യുദ്ധകാലത്ത് യൂദ്ധമുഖത്തുനിന്നുപോലും റിപ്പോർട്ട് ചെയ്യാൻ ഗൾഫ് മാധ്യമത്തിനായിട്ടുണ്ട്. ഫലസ്തീനിലെ പ്രശ്നങ്ങൾ സത്യസന്ധമായും ആധികാരികമായും അറിയാൻ ഈ പത്രത്തെയാണ് എല്ലാവരും ആശ്രയിക്കുന്നത്.
കുടുംബാംഗങ്ങളെല്ലാവരും പത്രത്തിനായി കാത്തിരിക്കാറുണ്ട്. തൊഴിലാളികൾക്കും വ്യാപാരികൾക്കും മാത്രമല്ല ഏത് തുറയിൽ ജോലി ചെയ്യുന്നവർക്കും പ്രയോജനപ്രദമായ വാർത്തകളാണ് ഗൾഫ്മാധ്യമം പ്രസിദ്ധീകരിക്കാറുള്ളത്.
നാട്ടിലെ വാർത്തകൾ മാത്രമല്ല ബഹ്റൈൻ സർക്കാറിന്റെ നിർണായക തീരുമാനങ്ങളും പ്രവാസികൾ അറിയേണ്ട കാര്യങ്ങളും കൃത്യമായി പ്രസിദ്ധീകരിക്കുന്ന ഈ പത്രത്തിന്റെ പ്രചാരം ഇനിയും വർധിക്കേണ്ടതുണ്ട്. സർക്കുലേഷൻ കാമ്പയിനിൽ പങ്കാളികളാകാൻ ഏവരോടും അഭ്യർഥിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.