മനാമ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കം ആരംഭിച്ചു. ബഹ്റൈനിൽനിന്ന് 2094 തീർഥാടകർക്കാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുമതി. 59 ഓപറേറ്റർമാരുടെ കീഴിലാണ് ഇവർ തീർഥാടനത്തിന് പുറപ്പെടുക. 65ന് മുകളിൽ പ്രായമുള്ളവർക്ക് അനുമതി നൽകില്ല.
ഈ വർഷത്തെ നിബന്ധനപ്രകാരം ചുരുങ്ങിയത് അഞ്ച് ഓപറേറ്റർമാർ ഒരുമിച്ച് ചേർന്നാണ് തീർഥാടകരെ അയക്കേണ്ടത്. ഇവരിൽ ഒരു ഓപറേറ്റർക്ക് മാത്രമാണ് തീർഥാടനത്തിന്റെ ചുമതല. ബഹ്റൈനിലെയും സൗദിയിലെയും അധികൃതരുമായി ബന്ധപ്പെടാനുള്ള ഉത്തരവാദിത്തവും ഈ ഓപറേറ്റർക്കായിരിക്കും.
സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും തീർഥാടകരുടെ എണ്ണം കുറച്ച സാഹചര്യത്തിൽ ഹജ്ജ് നിരക്ക് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്. ഹജ്ജ് തീർഥാടനത്തിനുള്ള നടപടിക്രമങ്ങൾ മേയ് 16ന് പൂർത്തിയാക്കണം. ദുൽഹജ്ജ് നാലിന് തീർഥാടകർ സൗദിയിലേക്ക് പുറപ്പെട്ട് 14ന് മടങ്ങിയെത്തും.
ഹജ്ജ്, ഉംറ കാര്യങ്ങൾക്കുള്ള ഉന്നതതല കമ്മിറ്റിയുടെയും സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ ഓപറേറ്റർമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.