മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ കൂടുതൽ വിപുലമാക്കുന്നു. ഇനിമുതൽ പ്രതിദിനം 31,000 ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സാഇദ് അസ്സാലിഹ് അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള ഗവൺമെൻറ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം.
എല്ലാവർക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെ 45 ലക്ഷം ഡോസ് വാക്സിൻകൂടി ലഭ്യമാക്കണമെന്നാണ് നാഷനൽ വാക്സിനേഷൻ കാമ്പയിൻ അഭ്യർഥിച്ചിരിക്കുന്നത്.ബഹ്റൈനിൽ അംഗീകരിച്ചിട്ടുള്ള എല്ലാ വാക്സിനും ഉൾപ്പെടെയാണ് ഇത്. 2021-2022 വർഷത്തെ വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവക്കായാണ് ഇത്രയും വാക്സിൻ ലഭ്യമാക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ബഹ്റൈൻ ആദ്യമായി വാക്സിന് ഒാർഡർ നൽകിയത്. വാക്സിൻ തേടുന്ന ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ബഹ്റൈൻ. 27 ഹെൽത്ത് സെൻററുകൾ വഴി എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകി വരുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇതിന് പുറമെ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, സിത്ര കമേഴ്സ്യൽ കോംപ്ലക്സ്, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് മിലിറ്ററി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും വാക്സിൻ നൽകുന്നുണ്ട്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്ര വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിെൻറ healthalert.gov.bh എന്ന വെബ്സൈറ്റ് വഴി പൗരന്മാരും പ്രവാസികളും വാക്സിനും ബൂസ്റ്റർ ഡോസിനും രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ആഹ്വാനം ചെയ്തു. ബഹ്റൈൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ വൈറസിനും അതിെൻറ വകഭേദങ്ങൾക്കുമെതിരെ ഫലപ്രദവും സുരക്ഷിതവുമാണ്. വാക്സിൻ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറവായിരിക്കും. അതേസമയം, വാക്സിൻ സ്വീകരിച്ചവരാണെങ്കിലും മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അവർ പറഞ്ഞു.
മനാമ: സിനോഫാം വാക്സിൻ സ്വീകരിച്ചവർ മാത്രമേ ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർ, വിട്ടുമാറാത്ത രോഗമുള്ളവർ, അമിത വണ്ണമുള്ളവർ, 50ന് വയസ്സിന് മുകളിലുള്ളവർ എന്നിവരാണ് ബൂസ്റ്റർ ഡോസിന് ബിഅവെയർ ആപ്പിലൂടെ അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.