മനാമ: അവധിക്കാലത്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ വട്ടംചുറ്റിച്ച് വിമാനകമ്പനികളുടെ സീസണൽ കൊള്ള തുടരുന്നു. ഉയർന്ന ടിക്കറ്റ് നിരക്കിനൊപ്പം, വിമാനം റദ്ദാക്കലും, വൈകലും കൂടി എത്തിയതോടെ ഈ സീസണിലും പ്രവാസികളുടെ യാത്ര ദുരിതത്തിലാണ്. വലിയ നിരക്കിൽ ടിക്കറ്റ് എടുത്ത് വിശന്നും തളർന്നും വിയർത്തും നാടണയേണ്ട ഗതികേടിലാണ് മലയാളി പ്രവാസികൾ.
വിദ്യാലയങ്ങൾ അടക്കുകയും വലിയ പെരുന്നാൾ അടുക്കുകയും ചെയ്തതോടെ നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടി. കോവിഡിനുശേഷം ഭയരഹിതമായി യാത്രചെയ്യാൻ സാധിക്കുന്ന ആദ്യ അവസരമായതിനാൽ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്നത്. മുൻകൂട്ടി ടിക്കറ്റെടുത്തവർക്കു മാത്രമാണ് താരതമ്യേന കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാനാവുന്നത്. ഒരാഴ്ച മുമ്പ് 75 ദീനാറായിരുന്ന നിരക്ക് ഇപ്പോൾ ഇരട്ടിയായി. കോഴിക്കോടിന് ഇപ്പോൾ 150 ദീനാറാണ് എയർ ഇന്ത്യ ഈടാക്കുന്നത്. കൊച്ചിയിലേക്ക് വരും ദിവസങ്ങളിൽ 93 ദീനാറാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് ഇപ്പോൾ 93 ആണെങ്കിൽ അടുത്തയാഴ്ച 115 ആകും. കണ്ണൂരിലേക്കുള്ള നിരക്ക് 133 ആണ്. അത്യാവശ്യക്കാർ ഉയർന്ന നിരക്ക് കൊടുത്താണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവിന്റെ മരണത്തെതുടർന്ന് അടിയന്തരമായി യാത്ര ചെയ്യേണ്ടി വന്ന പ്രവാസിക്ക് കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ ടിക്കറ്റിന് 222 ദീനാർ കൊടുക്കേണ്ടിവന്നു. പെരുന്നാൾ അറിയിച്ച് മാസപ്പിറവി കണ്ടാൽ ഇനിയും ടിക്കറ്റ് നിരക്ക് കൂടാനാണ് സാധ്യതയെന്ന് ബഹ്റൈൻ എക്സ്പ്രസ് ട്രാവൽസ് റിഫ ബ്രാഞ്ച് മാനേജർ അബ്ദുൽ സഹീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അവധിക്കാലത്ത് വിമാനക്കമ്പനികളുടെ കൊള്ളയിൽനിന്ന് പ്രവാസികളെ രക്ഷിക്കണമെന്ന മുറവിളി ഉയരാറുണ്ടെങ്കിലും നടപടിയൊന്നുമുണ്ടാകില്ല. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചാർട്ടേഡ് വിമാനങ്ങൾ എന്ന ആശയം നടപ്പാകാനുള്ള സാധ്യത കുറവാണ്.
വിമാന കമ്പനികളിൽനിന്നും ആശ്വാസകരമായ നിരക്കിൽ ചാർട്ടർ വിമാനങ്ങൾ ലഭ്യമാവുന്നില്ലെന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. നിലവിലെ വിമാന നിരക്കും, ചാർട്ടർ വിമാനങ്ങളുടെ നിരക്കും തമ്മിൽ കാര്യമായി വ്യത്യാസമില്ലെന്നതും തിരിച്ചടിയാണ്. 60 സീറ്റുകളുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യുമ്പോൾ മുഴുവൻ യാത്രക്കാരുടെയും വിശദാംശങ്ങൾ നേരത്തേ നൽകണമെന്നാണ് ഏവിയേഷൻ നിയമം.
എന്നാൽ, ഈ പട്ടികയിലുള്ള യാത്രക്കാരിൽ കാൻസലേഷൻ അനുവദിക്കില്ലെന്നത് സംഘാടകർക്കും സാമ്പത്തികമായി ബാധ്യതയാവുമെന്നതിനാൽ ചാർട്ടർ വിമാനങ്ങളുമായി മുന്നോട്ടുപോകുന്നതിൽ നിന്നും സംഘടനകളെയും സ്ഥാപനങ്ങളെയും പിന്തിരിപ്പിക്കുന്നു.
ഇന്ത്യയിൽ ആഭ്യന്തര വിമാന സർവിസുകളിലാണ് കമ്പനികൾ ഏറെയും ശ്രദ്ധ നൽകുന്നത്. ഡൽഹി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ തുടങ്ങി നിരവധി ആഭ്യന്തര സെക്ടറുകളിൽ അരമണിക്കൂർ ഇടവേളകളിലാണ് പല വിമാന കമ്പനികളും സർവിസ് നടത്തുന്നത്. ഇതിനിടയിൽ നിന്നും ഒരു വിമാനം പിൻവലിച്ച് ചാർട്ടർ റൂട്ടിലേക്ക് മാറ്റുമ്പോൾ ആഭ്യന്തര സർവിസിലെ നിരവധി റൂട്ടുകൾ മുടങ്ങുമെന്നതിനാൽ വിമാന കമ്പനികൾ വിമാനം വിട്ടുനൽകാൻ തയാറല്ല. നൽകിയാൽ തന്നെ ഈ നഷ്ടം നികത്തും വിധം വലിയ നിരക്കാണ് കമ്പനികൾ ഗൾഫിലേക്കുള്ള ചാർട്ടറിന് ഈടാക്കുന്നത്. ഇതാവട്ടെ, പതിവ് സർവിസിനോളം തന്നെ വരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.