മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് വ്യാഴാഴ്ച രാത്രി ഒമ്പതിന് തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.
ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കംകുറിക്കുന്നത്. ‘വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം’ പ്രമേയത്തിൽ നടക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഖുർആനിന്റെ മഹത്ത്വം, സൗന്ദര്യം, സന്ദേശം എന്നിവ ഉൾക്കൊള്ളിച്ച് ‘ഖുർആൻ ദ ലീഡർ’ എന്ന പേരിൽ സെൻട്രൽ തലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ ഹൽഖതുൽ ഖുർആൻ, മുബാഹസ പണ്ഡിതസംഗമം, സാന്ത്വന സേവന പ്രവർത്തനങ്ങൾ, കമ്യൂണിറ്റി ഇഫ്താർ, സകാത് ഡ്രൈവ് തുടങ്ങി നിരവധി പദ്ധതികളാണ് കാമ്പയിൻ കാലയളവിൽ നടക്കുക.
വാർത്തസമ്മേളനത്തിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, വി.പി.കെ. അബൂബക്കർ ഹാജി, സിയാദ് വളപട്ടണം, മുസ്തഫ ഹാജി, ഷമീർ പന്നൂർ, നിസാർ എടപ്പാൾ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.