മനാമ: ബഹ്റൈൻ പ്രവാസികൾ അണിയറയിലുള്ള ഹ്രസ്വചിത്രം ‘സ്റ്റാർസ് ഇൻ ദ ഡാർക്ക്നെസ്’ന്റെ ബഹ്റൈനിലെ ചിത്രീകരണം പൂർത്തീകരിച്ചു. ലിൻസ മീഡിയയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന A.l.-3ഡി ആനിമേഷനിലൂടെ കടന്നുപോകുന്ന ആദ്യ മലയാള ഹ്രസ്വചിത്രമാണ്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം നിർവഹിച്ചിരിക്കുന്നത് ബഹ്റൈൻ പ്രവാസിയായ ലിനി സ്റ്റാൻലിയാണ്. കല, സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലിനി സ്റ്റാൻലി നിരവധി ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എഴുത്തിന്റെ രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള ലിനി സ്റ്റാൻലി സ്കൂൾ കാലഘട്ടത്തിൽ സംസ്ഥാന കായിക താരവുമായിരുന്നു.
‘സ്റ്റാർസ് ഇൻ ദ ഡാർക്ക്നെസ് ചിത്രത്തിന്റെ പൂജ ചടങ്ങ് ബഹ്റൈൻ എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ നടന്നു.
ബഹ്റൈൻ സോപാന ഗുരു സന്തോഷ് കൈലാസ്, സാമൂഹിക പ്രവർത്തകനായ ചാൾസ് ആലുക്ക, എസ്.എൻ.സി.എസ് പ്രസിഡന്റ് കൃഷ്ണകുമാർ, മുതിർന്ന കഥകളി നടനായ കലാമണ്ഡലം കരുണാകര കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സോപാനം ഗുരു സന്തോഷ് കൈലാസ് സ്വിച്ച്ഓൺ കർമവും ചാൾസ് ആലുക്ക ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.
പ്രൊഡക്ഷൻ കൺട്രോളർമാരായ സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, സംവിധായിക ലിനി സ്റ്റാൻലി, കാമറമാൻ ജേക്കബ് എന്നിവർ ചേർന്ന് ടൈറ്റിൽ റിലീസ് ചെയ്തു.
അവതാരകനും ചലച്ചിത്ര- നാടക നടനുമായ വിനോദ് നാരായണനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സജീവമായ കലാകാരി സമിത മാക്സോയും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചലച്ചിത്രത്തിൽ ഡോ. രാജി, സ്റ്റാൻലി തോമസ്, പ്രജോദ് കൃഷ്ണ, പ്രശാന്ത്, ചാൾസ് ആലുക്ക, ആരോൺ സ്റ്റാൻലി, മീനാക്ഷി ഉദയൻ തുടങ്ങി 40 ഓളം കലാകാരന്മാർ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.