ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെളിച്ചം വീശുന്ന നന്മയുടെ പൂക്കാലമാണ് റമദാൻ. ഒരു അവിശ്വാസിക്കുപോലും നിഷേധിക്കാൻ പറ്റാത്ത വിധം ആത്മസംസ്കരണത്തിന്റെയും വ്യക്തിവിശുദ്ധിയുടെയും മഹത്തായ മാതൃകയാണ് റമദാൻ പഠിപ്പിക്കുന്നത്.
റമദാൻ പുണ്യം വിളംബരം ചെയ്യുന്നതിൽ ഇഫ്താർ വിരുന്നുകൾക്ക് മഹനീയ സ്ഥാനമുള്ളതായി കാണാം. വർഷങ്ങൾക്ക് മുമ്പ് വടകരയിൽ പാരലൽ അധ്യാപനകാലം മുതൽക്കാണ് ഇഫ്താർ വിരുന്നുകളുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കുന്നത്. പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന മുതിർന്ന കുട്ടികൾ ഇഫ്താർ വിരുന്നു സംഘടിപ്പിക്കുക പതിവായിരുന്നു.
ഓരോ ദിവസവും ഓരോ ക്ലാസ് ഗ്രൂപ്പിന്റെ വക ഇഫ്താർ മീറ്റ്. എല്ലാവരും തോളോട് തോൾ ചേർന്ന് ഒരുക്കം പൂർത്തിയാക്കുന്നു. നോമ്പുതുറക്കുള്ള ഭക്ഷണ പാനീയങ്ങൾ ഓരോ ക്ലാസ് മുറിയിൽ വളരെ വൃത്തിയോടെ സജ്ജീകരിക്കുന്നു. ശേഷം അച്ചടക്കത്തോടെ ബാങ്ക് വിളിക്കായി കാത്തിരിക്കുന്നു. വിവിധ മതസ്ഥരായ വിദ്യാർഥികൾ പരസ്പരം ബഹുമാനത്തോടെയും ആദരവോടെയും ആ നിമിഷങ്ങളെ നെഞ്ചോട് ചേർക്കുന്നു.
ഒരേസമയം വിശ്വാസപരമായ വൈജാത്യങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ള ചാലകശക്തിയായി മാറുന്നു ഓരോ ഇഫ്താർ സംഗമങ്ങളും.
ഇഫ്താർ വിരുന്നിൽ വിദ്യാർഥികളെയും അധ്യാപകരേയും കൂടാതെ നഗരത്തിലെ ഭിക്ഷാടകർ, അലഞ്ഞുതിരിയുന്ന നാടോടികൾ എന്നിവർക്കും ഇടമുണ്ടായിരുന്നു. വിശക്കുന്ന വയറിനെ ഊട്ടുക എന്നത് വിലമതിക്കാനാവാത്ത പുണ്യകർമമാണെന്ന വലിയ പാഠം ക്ലാസ് മുറികൾക്ക് പുറത്തുനിന്ന് സ്വായത്തമാക്കാനുള്ള അസുലഭ അവസരമാണ് ഇഫ്താർ മീറ്റ് എന്ന ബോധ്യം വിദ്യാർഥികൾക്കും ഉണ്ടായിരുന്നിരിക്കണം.
സെൽഫികളിലെ, സ്റ്റാറ്റസുകളിലെ പൊങ്ങച്ചക്കൂടുകളിൽ ഒതുങ്ങേണ്ട പൊള്ളയായ നിമിഷങ്ങളല്ല, മറിച്ച് നന്മമൂല്യങ്ങൾക്കുള്ള സാഹചര്യങ്ങളും സാധ്യതകളും ശുഷ്കിച്ചുപോകുന്ന വർത്തമാന യാഥാർഥ്യങ്ങളിൽ കരുണയും സ്നേഹ സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന മഹദ് വേളകളാവട്ടെ ഇഫ്താർ വിരുന്നുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.