മനാമ: സാമൂഹിക സേവനം, സംരംഭകത്വം, സാംസ്കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്പരം സഹകരിക്കാൻ ഇന്ത്യൻ ലേഡീസ് അസോസിയേഷനും (ഐ.എൽ.എ) തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റിയും (ടി.എച്ച്.എം.സി) ധാരണാപത്രം ഒപ്പുവെച്ചു.
ഐ.എൽ.എ ആസ്ഥാനത്ത് ടി.എച്ച്.എം.സി. പ്രതിനിധികളായ പ്രസിഡന്റ് മുകേഷ് ടി. കവലാനി, മുൻ പ്രസിഡന്റ് ബി.സി. താക്കർ, ബോർഡ് അംഗം ഭാരതി ഗജ്രിയ, ട്രഷറർ യോഗേഷ് എൻ. ഭാട്ടിയ എന്നിവരും ഐ.എൽ.എ പ്രസിഡന്റ് കിരൺ അഭിജിത് മംഗ്ലെ, മുൻ പ്രസിഡന്റ് തനൂജ അനിൽ, ഉപദേശക സമിതി അംഗം അഞ്ജലി ഗുപ്ത എന്നിവരും പങ്കെടുത്ത ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
സാമൂഹിക ക്ഷേമം മെച്ചപ്പെടുത്താനും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള സംയുക്ത പരിപാടികൾ നടത്താൻ ധാരണയായി. ശിൽപശാലകൾ, വ്യാപാര പ്രദർശനങ്ങൾ എന്നിവ വഴി വനിതാ സംരംഭകരെ ശാക്തീകരിക്കും. സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക, ബഹ്റൈനിലെ ഇന്ത്യൻ സമൂഹങ്ങൾക്കിടയിൽ ആഴത്തിലുള്ള ഏകീകരണം വളർത്തുക എന്നീ മേഖലകളിലായിരിക്കും പ്രധാന സഹകരണം.
സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാംസ്കാരികവും സാമ്പത്തികവുമായ ശാക്തീകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് കിരൺ അഭിജിത് മംഗ്ലെ പറഞ്ഞു. പരസ്പര വളർച്ചക്കും സഹകരണത്തിനും പങ്കാളിത്തത്തോടെ വിജയം നേടുന്നതിനുമായി ശക്തമായ വേദി കെട്ടിപ്പടുക്കാൻ സഹകരണം വഴിയൊരുക്കുമെന്ന് മുകേഷ് ടി. കവലാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.