മനാമ: ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും സൂര്യയുടെയും സഹകരണത്തോടെ, ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇന്തോ ബഹ്റൈൻ മ്യൂസിക്ക ഡാൻസ് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന് ഇന്ന് തിരശ്ശീല വീഴും.
വെള്ളിയാഴ്ച സമാപന സമ്മേളനത്തിൽ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്നുള്ള പരിപാടിയിൽ പ്രമുഖ വയലിൻ വിദ്വാനായ ഡോ.എൽ. സുബ്രഹ്മണ്യത്തിന്റെ ക്ലാസിക്കൽ വയലിൻ കച്ചേരി നടക്കും.
ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെയും സഹകരണത്തോടെ, ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായ സൂര്യയുടെ നേതൃത്വത്തിലാണ് ഇന്തോ ബഹ്റൈൻ മ്യൂസിക് ഡാൻസ് ഫെസ്റ്റിവൽ നടക്കുന്നത്. പ്രമുഖ ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായിക കൗശികി ചക്രബർത്തിയുടെയും സംഘത്തിന്റെയും സെമി ക്ലാസിക്കൽ ഫ്യൂഷൻ പ്രകടനം, ഭരതനാട്യം കലാകാരൻ പാർശ്വനാഥ് ഉപാധ്യേയ്ക്കൊപ്പം, മൃദംഗം വിദ്വാനും പത്മവിഭൂഷൺ ജേതാവുമായ ഉമയാൾപുരം കാശിവിശ്വനാഥ ശിവരാമന്റെ കർണാടക താളവാദ്യവും ഭരതനാട്യവും, സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ‘അഗ്നി 3’ സംഗീത സ്റ്റേജ് ഷോ, ബഹ്റൈൻ കലാകാരനായ ഫൈസൽ അൽ കൂഹിജിയുടെ അറബിക് ഇൻസ്ട്രുമെന്റൽ, വോക്കൽ പ്രകടനം, പി. ഉണ്ണികൃഷ്ണനും ഉത്തര ഉണ്ണികൃഷ്ണനും ചേർന്ന് നടത്തുന്ന കർണാടക ക്ലാസിക്കൽ, സെമി ക്ലാസിക്കൽ സംഗീതനിശ, വിജയ് യേശുദാസിന്റെ സെമി-ക്ലാസിക്കൽ/കർണാട്ടിക് കച്ചേരി, വിദ്യാപ്രദീപ്, അനിത, പ്രിയദർശിനി ഗോവിന്ദ്, വിദ്യാ സുബ്രഹ്മണ്യൻ എന്നിവർ അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.