മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ഇൻസ്പയർ' ഇൻഡോ-അറബ് കൾച്ചറൽ എക്സിബിഷൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു. ബഹ്റൈൻ അറബ് സാംസ്കാരിക തനിമയെ കുറിച്ച് പ്രവാസികൾക്ക് ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് ഓരോ സ്റ്റാളുകളും സജ്ജീകരിച്ചിരിക്കുന്നത്.
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മുപ്പതിൽ പരം സ്റ്റാളുകൾ, മലർവാടി കൂട്ടുകാർ ഒരുക്കിയ കിഡ്സ് കോർണറുകൾ, രാത്രി നടക്കുന്ന സാംസ്കാരിക -കലാപരിപാടികൾ തുടങ്ങിയവ എക്സിബിഷനിൽ എത്തുന്നവർക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.
എക്സിബിഷൻ ഹാളിലേക്ക് കടന്നു വരുന്നവരെ സംഘാടകർ ഹൃദ്യമായി സ്വീകരിച്ചു കൊണ്ടുപോകുന്നത് ബഹ്റൈനിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ അടയാളമായ മുത്തുകളുടെയും മത്സ്യബന്ധനത്തെക്കുറിച്ചുമുള്ള സ്റ്റാളിലേക്കാണ്. കടലിൽനിന്നും മുത്തുകൾ ശേഖരിക്കുന്ന ചിത്രങ്ങൾ, വിവിധ ഇനത്തിലുള്ള മുത്തുകളുടെ പ്രദർശനം, ചിപ്പിക്കുള്ളിൽ നിന്നും ലഭിക്കുന്ന മുത്തുകളുടെ സംസ്കരണ രീതികൾ, ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മുത്തുകളുടെ തൂക്കം നോക്കിയിരുന്ന പൗരാണിക ത്രാസ് തുടങ്ങിയവയും ഈ സ്റ്റാളിൽ സജ്ജമാക്കിയിട്ടുണ്ട്.
പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള സ്റ്റാളിൽ ത്രിമാന മോഡലുകളും, വിഡിയോകളും വെർച്വൽ റിയാലിറ്റി ചിത്രങ്ങളുമാണുള്ളത്. സാധാരണക്കാർക്ക് പ്രാപഞ്ചിക ഘടനയെ കുറിച്ചും അതിന്റെ തുടക്കത്തെ കുറിച്ചും ലളിതമായി മനസ്സിലാക്കാൻ സഹായകമാണ് എന്നാണ് ഇതിനെ കുറിച്ച് ആളുകൾ സാക്ഷ്യപ്പെടുത്തുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള സ്റ്റാളും ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക മനുഷ്യന്റെ വികലമായ വികസന സങ്കൽപം മൂലം പരിസ്ഥിതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ആഘാതങ്ങൾ ഇതിൽ വിശദീകരിക്കുന്നു. ഭാവിതലമുറകൾക്കുകൂടി ഉപകാരപ്പെടുന്ന രീതിയിൽ എങ്ങനെ പ്രകൃതിയെ ഉപയോഗപ്പെടുത്താമെന്നും ഈ സ്റ്റാൾ പറഞ്ഞു വെക്കുന്നു.
മദ്യത്തിന്റെ കെടുതികളെ കുറിച്ചും അതുമൂലമുണ്ടാവുന്ന സാമൂഹികതിന്മകളെ കുറിച്ചുമുള്ള ബോധവത്കരണമാണ് മദ്യത്തെ കുറിച്ചുള്ള സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ളത്. മദ്യത്തിന്റെ ദൂഷ്യഫലങ്ങൾ എങ്ങനെയാണ് കുടുംബങ്ങളെ ബാധിക്കുന്നതെന്ന് വെർച്വൽ റിയാലിറ്റിയിലൂടെയും വരകളിലൂടെയും വിശദമാക്കിത്തരുന്നുണ്ട് ഈ സ്റ്റാൾ. പലിശക്കെടുതികളുടെ ഭയാനകത വിശദമാക്കുന്ന കൊളാഷ് പ്രദർശനവും ശ്രദ്ധേയമാണ്.
ഭ്രൂണഹത്യയെ കുറിച്ചുള്ള സ്റ്റാളിൽ, മനസ്സിനെ നോവിക്കുന്ന കാഴ്ചകളും ചിത്രങ്ങളും വിഡിയോ പ്രദർശനവുമാണ് ഒരുക്കിയിട്ടുള്ളത്. ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ വേദനയും പ്രയാസവും അബോർഷൻ ചെയ്യപ്പെടുന്ന കുഞ്ഞും അനുഭവിക്കുന്നുണ്ടെന്നുള്ള സത്യവും ഇവിടെ മനസ്സിലാക്കാം.
അഴിമതിയുടെ നേർക്കാഴ്ചകൾ പറഞ്ഞുതരുന്ന സ്റ്റാളിലും കാണികളുടെ നല്ല തിരക്കാണ്. വികസനത്തിന് വകയിരുത്തുന്ന ഫണ്ടുകൾ വീതം വെപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള മോഡലും ഇതിൽ പ്രദർശിപ്പിക്കുന്നു. കുടുംബം, സാമൂഹിക തിന്മകൾ, ദാരിദ്ര്യനിർമാർജന സംവിധാനം, വയോജന ജീവിത കാഴ്ചകൾ, വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ, മനുഷ്യ നാഗരികതയുടെ വളർച്ചയിൽ നിർണായകമായ കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള സ്റ്റാൾ എന്നിവയും വളരെ ചിട്ടയോടെയും മനോഹരമായും ഒരുക്കിയിരിക്കുന്നു.
മരണം, മരണാനന്തരം എന്ന സ്റ്റാളിൽ മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും വ്യക്തമാക്കുന്നു. മാനവികജീവിതത്തിൽ പുലർത്തേണ്ട ധാർമികതയുടെയും സാമൂഹിക നന്മകളുടെയും നല്ല സന്ദേശങ്ങൾ നൽകുന്ന എക്സിബിഷന്റെ അവസാനം 'നമുക്ക് സംസാരിക്കാം' എന്ന കൗണ്ടറിലൂടെ ആളുകളുമായി സ്നേഹാന്വേഷണങ്ങൾ നടത്തി അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കുന്നതിനുമുള്ള വേദി കൂടി സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കിഡ്സ് കോർണർ ഒരുക്കി കുട്ടികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് മലർവാടി സ്റ്റാൾ. ടാറ്റൂകളിലൂടെ കുട്ടികൾക്കിഷ്ടപ്പെട്ട ചിത്രങ്ങൾ മുഖത്തും കൈയിലും വരച്ചു കൊടുത്തും വൈവിധ്യമാർന്ന മത്സരങ്ങളും കളികളും സംഘടിപ്പിച്ചും ഈ സ്റ്റാളുകൾ കുട്ടികളെ സ്വീകരിക്കുന്നു.നാടൻവിഭവങ്ങളുടെയും അറേബ്യൻ ഭക്ഷണങ്ങളുടെയും സ്റ്റാളുകളിൽനിന്നും രുചി വിഭവങ്ങൾ ആസ്വദിക്കാനാവും. അലങ്കാര ദീപങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച് ഒരു ഉത്സവപ്രതീതിയാണ് ഇൻസ്പയർ എക്സിബിഷൻ സമ്മാനിക്കുന്നത്. എക്സിബിഷൻ ഞായറാഴ്ച രാത്രി 11ന് സമാപിക്കും. വൈകിട്ട് മൂന്ന് മുതലാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.