മനാമ: തണുപ്പ് മാറി ചൂടിലേക്ക് പതിയെപ്പതിയെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിനാൽ കൊതുകുകളെ സൂക്ഷിക്കണമെന്ന് ജനപ്രതിനിധികൾ. തീരപ്രദേശങ്ങളിലും കൃഷിസ്ഥലങ്ങളുള്ള പ്രദേശങ്ങളിലും കൊതുകുശല്യം വർധിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സലേ തരാദാ പറഞ്ഞു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചൂടുകൂടുന്നതിനനുസരിച്ച് കൊതുകുശല്യം വർധിക്കുന്നതാണ് കണ്ടുവരുന്നത്. കൊതുകുശല്യം വർഷങ്ങളായി അലട്ടുന്ന പ്രശ്നമായതിനാൽ ആധുനിക സാങ്കേതികവിദ്യകളടക്കം അവയെ നിർമാർജനം ചെയ്യാൻ ഉപയോഗിക്കണമെന്നാണ് ജനപ്രതിനിധികളുടെ നിർദേശം. ഇത് മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും സത്വരമായ നടപടി പ്രതീക്ഷിക്കുകയാണെന്നും കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ പറഞ്ഞു.
കൊതുകുകൾ പെറ്റുപെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി അവയെ നിർമാർജനം ചെയ്യുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മുൻമാസങ്ങളിലുണ്ടായ മഴയെത്തുടർന്ന് വെള്ളം കെട്ടിനിന്ന പ്രദേശങ്ങളിൽ കൊതുക് മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാൻ കീടനാശിനികൾ തളിച്ചിരുന്നു. കോവിഡ് 19 വ്യാപകമായ സമയത്തായിരുന്നു ഇത്. മഴവെള്ളം കെട്ടിക്കിടന്ന മേഖലകളിൽ നാലു സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ 25 പെസ്റ്റ് കൺട്രോൾ സ്പെഷലിസ്റ്റുകളെ നിയോഗിച്ചിരുന്നു.
ഏറക്കുറെ ഫലപ്രദമായിരുന്നു ഇത്. എല്ലാമാസവും കീടനാശിനി പ്രയോഗിക്കാറുണ്ടെങ്കിലും കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളെപ്പറ്റി ആലോചിക്കേണ്ടതുണ്ടെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. കൊതുകുശല്യം മൂലം ജനങ്ങൾ വീടുകളുടെ വാതിലുകളും ജനലുകളുമടച്ച് അകത്തിരിക്കുകയാണ്. കൊതുക് കടിച്ചാൽ മലേറിയ പോലെയുള്ള രോഗങ്ങൾ വരുമെന്നതിനാൽ ജനം ഭയത്തിലാണ്. റമദാൻ മാസമടുക്കുന്നതിനാൽ ജനങ്ങൾക്ക് അടച്ച് അകത്തിരിക്കാനാവില്ല.
കൊതുകുശല്യം രൂക്ഷമാകുന്ന ആഗസ്റ്റ് വരെ കാത്തിരിക്കുന്നത് ഗുണകരമാകില്ലെന്നും അതിനുമുമ്പേ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽനാസർ പറഞ്ഞു. ഗലാലി, അറാദ്, മാൽക്കിയ തുടങ്ങിയ പ്രദേശങ്ങളിൽ കൊതുകുകളും മറ്റു പ്രാണികളും വ്യാപകമായതായി റിപ്പോർട്ടുണ്ട്.
കൃഷിസ്ഥലങ്ങളിലെ കൊതുകുശല്യം പരിഹരിക്കേണ്ടതുണ്ട്. എന്നാൽ, കീടനാശിനികൾ കാർഷികഉൽപന്നങ്ങളെ ബാധിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.