മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ എട്ടാമത് യൂത്ത് ഫെസ്റ്റ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജെ.ജെ.ഡി ആഡ്സ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. മുൻ വർഷങ്ങളിലേതുപോലെ നാട്ടിൽനിന്നും ബഹ്റൈനിൽനിന്നും സാമൂഹിക-രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.
സംഘടന നിരവധി മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് 37 മെഡിക്കൽ ക്യാമ്പുകൾ, 17 രക്തദാന ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചു. മാസംതോറും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ‘അമ്മക്കൊരു കൈനീട്ടം’ പെൻഷൻപദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ അക്ഷരദീപം, തിരഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാർഥികൾക്ക് മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ് പദ്ധതി, ചികിത്സാസഹായങ്ങൾക്കായി സാന്ത്വനസ്പർശം പദ്ധതി, പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകുന്ന പ്രവാസകിരണം പദ്ധതി, വിശക്കുന്ന വയറുകൾക്ക് ഒരുനേരത്തെ അന്നം നൽകുന്ന ‘കരുതൽ’ പദ്ധതി തുടങ്ങിയവയും നടത്തി വരുന്നുണ്ട്.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ജിതിൻ പരിയാരം, സെക്രട്ടറി ബെൻസി, ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലസൻ മാത്യു, പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി കൺവീനർ വിൻസു കൂത്തപ്പള്ളി, ഫിനാൻസ് കൺവീനർ അനസ് റഹീം, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷബീർ മുക്കൻ, മാഗസിൻ എഡിറ്റർ ഫാസിൽ വട്ടോളി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.