മനാമ: ജോലി തേടിയെത്തി കുടുങ്ങിയ മലയാളികൾ ബഹ്റൈനിൽ ദുരിതത്തിൽ. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളായ 24 പേരാണ് ജോലിയില്ലാതെ ഹിദ്ദിലെ കെട്ടിടത്തിൽ കഴിയുന്നത്. നാട്ടുകാരായ ഏജൻറുമാരുടെ വാക്ക് വിശ്വസിച്ച് ബഹ്റൈനിൽ എത്തിയവരാണ് ജോലിയും വരുമാനവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത്. ബഹ്റൈനിൽ വെൽഡർ, ഫാബ്രിക്കേറ്റർ തുടങ്ങിയ ജോലികളിലേക്ക് ആളുകളെ ആവശ്യമുണ്ടെന്ന് നാട്ടിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ േപാസ്റ്റ് കണ്ടാണ് ഇൗ ചെറുപ്പക്കാർ ഏജൻറുമാരെ ബന്ധപ്പെട്ടത്. ഒരു മണിക്കൂർ ജോലി ചെയ്താൽ ഒരു ദീനാർ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച 40ഒാളം പേരിൽനിന്ന് വിസക്കുവേണ്ടി 75,000 രൂപ വീതം സംഘം വാങ്ങി. ബഹ്റൈനിൽ വിവിധ കമ്പനികളുടെ ജോലികൾ കരാർ എടുത്തിട്ടുള്ള കമ്പനിയിലേക്ക് എന്നുപറഞ്ഞാണ് ഇവർക്ക് വിസ കൊടുത്തത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിവിധ ജില്ലക്കാരായ ഇവർ ബഹ്റൈനിൽ എത്തിയത്. പലരെയും പല കമ്പനികളിലായി ജോലിക്ക് പറഞ്ഞുവിട്ടു. പത്തും പതിനഞ്ചും ദിവസമൊക്കെയായിരുന്നു ഒരു സ്ഥലത്ത് ജോലി. അങ്ങനെ നാലു മാസവും അഞ്ചു മാസവുമൊക്കെ പലരും ജോലി ചെയ്തു. ചിലർക്ക് ഒരു മാസത്തെ ശമ്പളമാണ് ഇതുവരെ ലഭിച്ചത്. അതും ലഭിക്കാത്തവരുണ്ട്. ശമ്പളം ലഭിക്കാതായതോടെ 15ഒാളം പേർ നാട്ടിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ളവർ ഇനി ശമ്പളം ലഭിക്കാതെ ജോലിക്ക് പോകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. ഇപ്പോൾ രണ്ടു മാസത്തോളമായി ആർക്കും ജോലിയില്ലെന്ന് സംഘത്തിലുള്ള കൊല്ലം ചവറ സ്വദേശിയായ ജസ്റ്റിൻ യേശുദാസ് പറഞ്ഞു. തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയത്തിന് ഇവർ പരാതി നൽകിയിട്ടുണ്ട്.
ജോലിക്ക് പോകുന്ന സമയത്ത് കമ്പനി മുഖേന റസ്റ്റാറൻറിൽനിന്ന് ഭക്ഷണം കിട്ടുമായിരുന്നു. അത് നിലച്ചു. സാമൂഹിക പ്രവർത്തകർ നൽകുന്ന ഭക്ഷണമാണ് ഇപ്പോൾ ഇവരുടെ ആശ്രയം. കരാർ ജോലി ചെയ്തതിെൻറ പണം ലഭിച്ചിട്ടില്ലെന്നും അതുകിട്ടിയാലേ ശമ്പളം നൽകാനാവൂ എന്നുമാണ് കമ്പനി പറയുന്നത്.ഇവരെ ജോലിക്ക് കൊണ്ടുവന്നവരെ ബന്ധപ്പെടാനും കഴിയുന്നില്ല. അവരുടെ നമ്പർ സ്വിച്ച് ഒാഫ് എന്നാണ് വിളിക്കുേമ്പാൾ അറിയാൻ കഴിയുന്നത്. നാട്ടിൽ ഏറെ പ്രരബ്ധങ്ങളിൽ കഴിയുന്ന കുടുംബങ്ങളാണ് ഇവർക്കുള്ളത്. പ്രതീക്ഷകളോടെ ബഹ്റൈനിലേക്ക് വന്ന ഇവരുടെ മുന്നിൽ ജീവിതം വഴിമുട്ടിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.