മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ), ‘കെ.സി.എ-ബി.എഫ്.സി ഓണം പൊന്നോണം 2023’ എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരിപാടികൾ നടക്കും.
ഓണാഘോഷ പരിപാടികളിൽ ആയിരത്തിൽപരം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് വിഭവസമൃദ്ധമായ സദ്യയോടെ ഓണാഘോഷ പരിപാടികൾ പര്യവസാനിക്കും. ആഗസ്റ്റ് 18ന് ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
പതാക ഉയർത്തൽ ചടങ്ങിനുശേഷം ഘോഷയാത്ര നടക്കും. ഓണവുമായി ബന്ധപ്പെട്ട് ഓപൺ ടു ഓൾ കാറ്റഗറിയിലും മെംബേഴ്സ് ഓൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും. പായസമത്സരം, തിരുവാതിര, ഓണപ്പാട്ട് മത്സരം, പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ ‘തനിമലയാളി’ ഓണപ്പുടവ മത്സരം, വടംവലി മത്സരം, വള്ളപ്പാട്ട് മത്സരം, ഉറിയടി മത്സരം, പുലിക്കളി മത്സരം എന്നിവ സംഘടിപ്പിക്കും. അംഗങ്ങൾക്കായി ഓണക്കളി മത്സരങ്ങളും സംഘടിപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് 31ന് കെ.സി.എ പരിസരത്ത് ഗ്രാൻഡ് ഫിനാലെ നടക്കും. സെപ്റ്റംബർ ഒന്നിന് കെ.സി.എ ഹാളിലാണ് ഓണസദ്യ.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, വൈസ് ചെയർമാന്മാരായ റോയ് സി. ആന്റണി, കെ.ഇ. റിച്ചാർഡ്, കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, കൺവീനർമാരായ മനോജ് മാത്യു, അജി പി. ജോയ്, ജിൻസ് ജോസഫ്, ബാബു വർഗീസ്, പീറ്റർ സോളമൻ എന്നിവരും കെ.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടക സമിതിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
വാർത്തസമ്മേളനത്തിൽ കെ.സി.എ ആക്ടിങ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, ടൈറ്റിൽ സ്പോൺസർ ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥ്, കെ.സി.എ എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ഓണാഘോഷ കമ്മിറ്റി വൈസ് ചെയർമാൻ റിച്ചാർഡ്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് സ്റ്റീവ് ബിജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.