മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം, ശ്രാവണം 2024ന്റെ ഭാഗമായി ഞായറാഴ്ച നടന്ന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും സി. ആർ.മഹേഷ് എം.എൽ.എയും പങ്കെടുത്തു. സോപാനം വാദ്യകലാസംഘം കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടർന്ന് ജ്യോതിരാജ് ചിട്ടപ്പെടുത്തിയ ഓണം ഫ്യൂഷൻ ഡാൻസിൽ മുപ്പതോളം കലാകാരികൾ പങ്കെടുത്തു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ബി. കെ.എസ്. ബിസിനസ് ഐക്കൺ അവാർഡ്, ആർ.വി. ട്രേഡിങ് കമ്പനി മേധാവിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായ റഹിം ബാവ കുഞ്ഞിന് സമ്മാനിച്ചു.
ബി.കെ.എസ്. യങ് ബിസിനസ് ഐക്കൺ അവാർഡിനർഹനായ ഇബ്രാഹിം അദുഹമിനെയും ചടങ്ങിൽ ആദരിച്ചു.സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിച്ച എൻ.കെ. പ്രേമചന്ദ്രൻ എം. പി, മാറുന്ന കാലഘട്ടത്തിലും മതസൗഹാർദവും ഐക്യവും ഉറപ്പാക്കിക്കൊണ്ട് കേരളീയ സമാജം നടത്തുന്ന ഓണാഘോഷം തുടങ്ങിയുള്ള പരിപാടികളെ മുക്തകണ്ഠം പ്രശംസിച്ചു.
നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഇത്തരം ആഘോഷങ്ങൾക്ക് വിദേശ മണ്ണിൽ ബഹ്റൈൻ മലയാളി പ്രവാസി സമൂഹം കൊടുക്കുന്ന പ്രാധാന്യം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.ആർ. മഹേഷ് എം.എൽ.എയും വിദേശ മണ്ണിൽ നടത്തുന്ന അതുല്യമായ പ്രവർത്തനങ്ങൾക്കു ബഹ്റൈൻ കേരളീയ സമാജത്തെയും പി.വി. രാധാകൃഷ്ണപിള്ള ഉൾപ്പെടെയുള്ള അതിന്റെ സാരഥികളെയും അനുമോദിച്ചു. ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് യോഗത്തിനു നന്ദി പറഞ്ഞു.
തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ചു. മത്സരത്തിൽ ശ്രേഷ്ഠ ബഹ്റൈൻ, ടീം കെവിൻ, ബി.കെ.എസ് സാഹിത്യ വിഭാഗം എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഓണപ്പുടവ മത്സരം കൺവീനർ ബിൻസി റോയ് നന്ദി പറഞ്ഞു. തുടർന്ന് ശ്രാവണം 2024ന്റെ ഭാഗമായി ഇതുവരെ നടന്ന മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം കൊടുത്ത കൺവീനർമാരെയും ജോയന്റ് കൺവീനർമാരെയും മൊമന്റോകൾ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.