മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2023’ന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി കെ.എസ്. ചിത്രയുടെ സംഗീതപരിപാടി ബോളിവുഡ് നൈറ്റ് നടക്കും.
വ്യാഴാഴ്ച രാത്രി എട്ടിന് നടക്കുന്ന ശ്രീകുമാരൻ തമ്പി മ്യൂസിക് നൈറ്റിൽ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
കല്ലറ ഗോപൻ, എസ്.പി. ദേവാനന്ദ്, ദേവിക വി. നായർ, രേഷ്മ രാഘവേന്ദ്ര എന്നിവർ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ആലപിക്കും. ബഹ്റൈനിലെ പ്രമുഖ സാമൂഹിക-കാരുണ്യ പ്രവർത്തകനും സമാജത്തിന്റെ ദീർഘകാല സഹയാത്രികനുമായ എം.പി. രഘുവിന്റെ സ്മരണക്കായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ വിശ്വകലാരത്ന അവാർഡ് പ്രമുഖ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. കേരളീയമായ സർഗാത്മകതയുടെ സവിശേഷ സൗന്ദര്യം രചനകളിലും കലാപ്രവർത്തനങ്ങളിലും അടയാളപ്പെടുത്തുകയും മലയാള ഭാഷ സാംസ്കാരിക മേഖലകൾക്ക് നൽകിയ കനപ്പെട്ട സംഭാവനകൾ പരിഗണിച്ചുമാണ് ശ്രീകുമാരൻ തമ്പി പുരസ്കാരത്തിന് അർഹനായതെന്ന് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം നൽകുന്നത്. യുണീകോ ഗ്രൂപ് സി.ഇ.ഒ ജയശങ്കർ വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് കെ.എസ്. ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.