മനാമ: പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തോടെ നഷ്ടമായത് ദീർഘ വീക്ഷണവും വികസന കാഴ്ചപ്പാടും നേതൃഗുണവുമുള്ള ഭരണാധികാരിയെ. നീണ്ട കാലം പ്രധാനമന്ത്രിസ്ഥാനം അലങ്കരിച്ച് ബഹ്റൈനെ നേട്ടങ്ങളുടെ ഉന്നതിയിലെത്തിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.
പെട്രോളിയം ഉൽപന്നങ്ങളിൽനിന്ന് മാത്രം വരുമാനമുണ്ടായിരുന്ന സ്ഥാനത്തുനിന്ന് ബഹുമുഖ തലങ്ങളിലേക്ക് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ അദ്ദേഹം കൈപിടിച്ചുയർത്തി. ബാങ്കിങ്, ധനകാര്യം, ഹോട്ടൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വികസനത്തിെൻറ പുതിയ സാധ്യതകൾ അദ്ദേഹം കണ്ടെത്തി. പെട്രോളിനെ മാത്രം ആശ്രയിക്കാതെ മറ്റ് രംഗങ്ങളിലും നിക്ഷേപം നടത്താനുള്ള ദീർഘവീക്ഷണം അദ്ദേഹത്തിെൻറ ഭരണപാടവത്തിെൻറ തെളിവാണ്.
സൗദി അറേബ്യയുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയുടെ നിർമാണം രാജ്യത്തെ വിനോദസഞ്ചാര മേഖലക്കും വാണിജ്യത്തിനും കുതിപ്പേകി. ലോകത്ത് ഏറ്റവുമധികം അലുമിനിയം ഉൽപാദിപ്പിക്കുന്ന 'അൽബ'രാജ്യത്തിെൻറ വികസന കുതിപ്പിെൻറ മറ്റൊരു ഉദാഹരണമാണ്. ലോകത്തെ പ്രമുഖ ബാങ്കുകളുടെയെല്ലാം ശാഖകൾ ബഹ്റൈനിലുണ്ട്.
ബാങ്കിങ് മേഖലക്ക് ഭരണകൂടം നൽകിയ പ്രാധാന്യമാണ് ഇതിന് വഴിയൊരുക്കിയത്. ജി.സി.സി രാജ്യങ്ങളിലെയും ലോകത്തിലെയും നേതാക്കളുമായി ഉൗഷ്മള ബന്ധം സ്ഥാപിക്കാനും കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയോടും ഇന്ത്യക്കാരോടും പ്രത്യേക അടുപ്പവും അദ്ദേഹം കാണിച്ചിരുന്നു.
രാജ്യത്തിെൻറ വികസനത്തിൽ ഇന്ത്യൻ പ്രവാസികളുടെ പങ്ക് അദ്ദേഹം എടുത്തുപറയുമായിരുന്നു. ഉപജീവനം തേടി ബഹ്റൈെൻറ മണ്ണിൽ കാലുകുത്തുന്ന ഒാരോ പ്രവാസിയും ഇവിടത്തെ ഭരണാധികാരികളോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവരാണ്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നടപടികളാണ് അതിന് മുഖ്യ കാരണം. എല്ലാ അർഥത്തിലും രാജ്യത്തെ മുന്നിൽനിന്ന് നയിച്ച ഭരണാധികാരിയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. ഭരണരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനം രാജ്യത്തിെൻറ വികസനത്തിന് മുതൽക്കൂട്ടാക്കിയ അദ്ദേഹത്തിെൻറ വിയോഗം ബഹ്റൈന് കനത്ത നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.