മനാമ: ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ കിഡ്നി രോഗാശുപത്രി ആരോഗ്യകാര്യ സുപ്രീംകൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി അദ്ദേഹത്തിനു പകരം ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ കീഴിലായിരുന്നു നടന്നത്.
ബി.ഡി.എഫ് രൂപവത്കരണത്തിന്റെ 65ാമത് വാർഷികത്തോടനുബന്ധിച്ചാണ് അതിന് കീഴിലുള്ള കിഡ്നിരോഗാശുപത്രി ആരംഭിച്ചത്. പ്രതിരോധകാര്യ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽനുഐമിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
റോയൽ മെഡിക്കൽ സർവിസസ് കമാൻഡർ ബ്രിഗേഡിയർ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്വാഗതമാശംസിക്കുകയും പരിപാടിയുടെ രക്ഷാധികാരമേറ്റെടുത്ത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും സെന്ററിനുവേണ്ട എല്ലാ പ്രോത്സാഹനവും നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫക്കും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ആരോഗ്യ പരിചരണ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കാൻ ഹമദ് രാജാവിന്റെ ഭരണസാരഥ്യത്തിൽ സാധിച്ചതായി ലെഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. റോയൽ മെഡിക്കൽ സർവിസസിന് പദ്ധതി ഒരു പൊൻതൂവലാണെന്നും കൂടുതൽ മെച്ചപ്പെട്ട ചികിത്സ രാജ്യനിവാസികൾക്ക് നൽകാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
500 രോഗികളെവരെ ഉൾക്കൊള്ളാൻ കഴിയുന്ന ആശുപത്രിയാണിത്. ആറ് ക്ലിനിക്കുകളും 70 ബെഡും ലബോറട്ടറികളും ഫാർമസിയും എക്സ്റേ വിഭാഗവും ഡയാലിസിസ് യൂനിറ്റുകളും 232 കാർ പാർക്കിങ്ങുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.