മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിര്യാതനായ സാമൂഹിക പ്രവർത്തകനും വടകര സഹൃദയ വേദി മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ കെ.ആർ. ചന്ദ്രന്റെ മൃതദേഹം ഓർക്കാട്ടേരി കുറിഞ്ഞാലിയോട് `വിപഞ്ചിക' വീട്ടുവളപ്പിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെ ബഹ്റൈനിൽ പ്രവാസജീവിതം നയിച്ചുവരുന്ന അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധിപേർ എത്തിയിരുന്നു. അതിൽ മുൻ പ്രവാസികളും അവധിക്ക് നാട്ടിൽ വന്നവരും ഉണ്ടായിരുന്നു. നാട്ടിലും വിദേശത്തും ഒരുപോലെ സുഹൃദ വലയമുള്ള അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിരവധി സംഘടനകൾക്കും വ്യക്തികൾക്കും വേണ്ടി റീത്ത് സമർപ്പിച്ചു.
വടകര സഹൃദയ വേദിക്ക് വേണ്ടി രക്ഷാധികാരി രാമത്ത് ഹരിദാസ്, വൈ പ്രസിഡന്റ് എം.പി അഷറഫ് എന്നിവർ റീത്ത് സമർപ്പിച്ചു. ബഹ്റൈൻ പ്രതിഭക്ക് വേണ്ടി പൂളക്കണ്ടി സജീവൻ, ബഹ്റൈൻ നവ കേരളക്ക് വേണ്ടി ഒ.എം അശോകൻ, പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർക്ക് വേണ്ടി ബാബു.ജി നായർ, കുടുംബ സൗഹൃദ വേദിക്ക് വേണ്ടി അജിത് കുമാർ കണ്ണൂർ എന്നിവരും നാട്ടിലെ മറ്റു വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പേരിലും റീത്ത് സമർപ്പിച്ചു.
അനുശോചന യോഗവും ചേർന്നു. കെ.ആർ. ചന്ദ്രന്റെ അകാലവിയോഗം പ്രവാസി സമൂഹത്തിനും നാടിനും കനത്ത നഷ്ടമാണ് വരുത്തിവെച്ചതെന്ന് അനുശോചന യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.
കെ.ആർ. ചന്ദ്രന്റെ വിയോഗം തീരാനഷ്ടം -മനോജ് മയ്യന്നൂർ
മനാമ: വടകര സൗഹൃദവേദി രക്ഷാധികാരിയും സംഘടനയുടെ മുൻ പ്രസിഡന്റും ബഹ്റൈനിലെ സാമൂഹിക, സംസ്ക്കാരിക പ്രവർത്തകനുമായ കെ .ആർ. ചന്ദ്രന്റെ വിയോഗം ബഹ്റൈൻ പൊതുരംഗത്തിനു തന്നെ തീരാനഷ്ടമാണെന്ന് മനോജ് മയ്യന്നൂർ പറഞ്ഞു.
ഗൾഫ് രാജ്യത്ത് ആദ്യമായി കളരിപ്പയറ്റിനായി ഉറുമിയും വാളും പരിചയും ഇറക്കിയത് വടകര മഹോത്സവത്തിനായി ബഹ്റൈനിലായിരുന്നെന്നും വടകര മഹോത്സവം ഗൾഫിൽ തന്നെ ചരിത്ര സംഭവമാക്കാൻ കെ.ആർ. ചന്ദ്രൻ തന്നോടൊപ്പം മുൻപന്തിയിലുണ്ടായിരുന്നെന്നും മനോജ് മയ്യന്നൂർ പറഞ്ഞു. ചന്ദ്രന്റെ അകാല വിയോഗം വടകര സൗഹൃദവേദിക്കും തനിക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും മനോജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.