മനാമ: ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഹമദ് ടൗണിലെ ദാനാത് അൽ ലോസിയിൽ പ്രവർത്തനമാരംഭിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രി സായിദ് റാഷിദ് അൽ സയാനി, ഭവന മന്ത്രി ബാസിം ബിൻ യാക്കൂബ് അൽ ഹമർ, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, തൊഴിൽ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി അഹ്മദ് ജാഫർ മുഹമ്മദ് അൽ ഹൈകി, ആർ.എച്ച്.എഫ് സെക്രട്ടറി ഡോ. മുസ്തഫ അൽ സായിദ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈനിലെ ലുലുവിന്റെ 10ാമത്തെ റീട്ടെയിൽ സംരംഭമാണ് ഹമദ് ടൗണിൽ പ്രവർത്തനമാരംഭിച്ചത്. 2000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റോറിൽ പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മാംസം, ബേക്കറി, പാലുൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാണ്. ബഹ്റൈന്‍റെ പുരോഗതിയിൽ ലുലുവിന്‍റെ പ്രതിബദ്ധതക്ക് തെളിവാണ് പുതിയ സംരംഭമെന്ന് എം.എ. യൂസുഫലി പറഞ്ഞു. ഇത്തരം കൂടുതൽ സ്റ്റോറുകൾ ഉടൻ ആരംഭിക്കാൻ പദ്ധതിയുണ്ട്. ജനങ്ങളുടെ അടുത്തേക്ക് ചെല്ലുകയെന്ന നയമാണ് ലുലു പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ (ആർ.എച്ച്.എഫ്) പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനുള്ള 'ലുലു കെയേഴ്സ്' പദ്ധതിയും എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ സംരംഭത്തിലൂടെ ഇഷ്ടമുള്ള തുക സംഭാവന നൽകാം. അനാഥരായ ആളുകളുടെ ക്ഷേമത്തിനാണ് ആർ.എച്ച്.എഫ് ഈ തുക ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.