എന്റെ കമ്പനി എനിക്ക് ഒരു മാസത്തെ സമയം അനുവദിച്ച് ടെർമിനേഷൻ ലെറ്റർ തന്നിരിക്കുകയാണ്. ഏപ്രിൽ 22 ആണ് അവസാന ഡ്യൂട്ടി ദിനം. അത് കഴിഞ്ഞ് എനിക്ക് ഒരു മാസംകൂടി ജോലി അന്വേഷിക്കാൻ ഇവിടെ കഴിയുമോ? എന്റെ കുട്ടികളുടെ വിസ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയുടെ പേരിലേക്ക് മാറ്റാൻ പറ്റുമോ? ഞങ്ങളുടെ ഹൗസ് മേഡ് വിസ എന്റെ സ്പോൺസർഷിപ്പിലാണ്. അത് രണ്ടു വർഷത്തേക്ക് പുതുക്കിയിരുന്നു. എന്റെ വിസ കാൻസൽ ആകുമ്പോൾ അതും കാൻസൽ ആകുമോ? അതോ അവർക്ക് ഇവിടെ തങ്ങാൻ പറ്റുമോ?
• ഇപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ വിസ റദ്ദു ചെയ്യാറില്ല. അതായത്, വിസ റദ്ദുചെയ്ത് ഒരു മാസത്തെ ഗ്രേസ് പിരീഡ് നേരത്തേ ലഭിക്കുന്ന രീതി ഇപ്പോഴില്ല. നാട്ടിൽ തിരികെ പോവുകയാണെങ്കിൽ വിസ റദ്ദു ചെയ്യാം. അല്ലെങ്കിൽ വിസ തീരുന്ന സമയത്ത് സ്പോൺസർ പ്രത്യേകമായി ആവശ്യപ്പെടുകയാണെങ്കിൽ ഒരു മാസത്തേക്ക് വിസ നീട്ടിത്തരും. അല്ലെങ്കിൽ ഇവിടെനിന്ന് അതോറിറ്റി മുഖേന വിസ പുതിയ സ്പോൺസറുടെ പേരിലേക്ക് മാറ്റണം. ഇപ്പോൾ മൊബിലിറ്റി പ്രകാരം വിസ ഇവിടെനിന്ന് മാറ്റാൻ സാധിക്കും.
താങ്കളുടെ വിസ കാലാവധിയുടെ കാര്യങ്ങളൊന്നും സൂചിപ്പിക്കാത്തതുകൊണ്ട് താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ പ്രയാസമാണ്. വിസ തീരുന്നതിനു മുമ്പേ പുതിയ ജോലി കണ്ടുപിടിച്ച് വിസ മാറ്റുന്നതാണ് നല്ലത്. കുട്ടികളുടെ വിസ ജോലി ചെയ്യുന്ന ഭാര്യയുടെ പേരിലേക്ക് മാറ്റാൻ സാധിക്കും.
ഭാര്യക്ക് വിസ ലഭിക്കാൻ ആവശ്യമായ ബേസിക് സാലറി ഉണ്ടെങ്കിൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഹൗസ് മേഡിന്റെ വിസ താങ്കളുടെ വിസ തീരുന്ന സമയത്തുതന്നെ തീരും. അതുകൊണ്ട് പുതിയ വിസ എടുക്കാതെ ഹൗസ് മേഡിന് ഇവിടെ താമസിക്കാൻ സാധിക്കില്ല.
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.