മനാമ: കേരള സർക്കാർ- മലയാളം മിഷൻ സംയുക്തമായി ആഗോളതലത്തിൽ ഏർപ്പെടുത്തിയ ‘സുഗതാഞ്ജലി പുരസ്കാരം’ ബഹ്റൈൻ കേരളീയ സമാജത്തിന് സമ്മാനിച്ചു. മാതൃഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി മലയാളി പ്രവാസി സംഘടനകൾക്കായി ഒരുക്കിയതാണ് പുരസ്കാരം. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പുരസ്കാരം ഏറ്റുവാങ്ങി.
കവിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍, നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ. പി.കെ. രാജശേഖരന്, മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
1947ൽ രൂപം കൊണ്ട പ്രവാസ ഭൂമിയിലെ ആദ്യത്തെ മലയാളി സാംസ്കാരിക കൂട്ടായ്മയാണ് ബഹ്റൈൻ കേരളീയ സമാജം. 2011ൽ ഇന്ത്യക്ക് പുറത്തെ ആദ്യ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചതും ബഹ്റൈൻ കേരളീയ സമാജമാണ്. ലോകത്തിൽത്തന്നെ ഒരേസമയം ഏറ്റവുമധികം പഠിതാക്കൾ മാതൃഭാഷ പഠനത്തിനായി എത്തുന്ന പഠനകേന്ദ്രവും കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ മലയാളം മിഷന്റെ നാല് കോഴ്സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ള ഇന്ത്യക്കുപുറത്തെ ഏക പഠന കേന്ദ്രവും ബഹ്റൈൻ കേരളീയ സമാജമാണ്.
മലയാളം മിഷൻ ആഗോളതലത്തിൽ ആദ്യമായി നടപ്പാക്കുന്ന സമ്പൂർണ മാതൃഭാഷ സാക്ഷരതാ ദൗത്യമായ ‘വിശ്വമലയാളം’ പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നതും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നോഡൽ സെന്ററായി പ്രവർത്തിക്കുന്ന സമാജം കേന്ദ്രീകരിച്ചാണ്.
സംസ്ഥാന സർക്കാറിൽനിന്നും ലഭിച്ച ഈ പുരസ്കാരത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും സമാജത്തിലെ എല്ലാ ഭാഷാപ്രവർത്തകർക്കും അംഗങ്ങൾക്കുമായി പുരസ്കാരം സമർപ്പിക്കുന്നുവെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
കൂടുതൽ വിപുലമായ രീതിയിൽ ഭാഷാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഈ പുരസ്കാരം ഊർജം നൽകുമെന്നും പുരസ്കാരത്തിനായി സമാജത്തെ തിരഞ്ഞെടുത്ത കേരള സർക്കാറിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.