25,000ത്തിലധികം ആരോഗ്യ സേവനങ്ങൾക്ക് അനുമതി നൽകി -ജലാഹിമ

മനാമ: രാജ്യത്ത് 25,000ത്തിലധികം ആരോഗ്യസേവനങ്ങൾക്ക് അനുമതി നൽകിയതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. 4727 ഡോക്ടർമാർ, 1145 ദന്ത വിദഗ്ധർ, 1702 ഫാർമസികൾ, 13558 നഴ്സുമാർ, 3944 ഫിസിഷ്യന്മാർ എന്നിവർക്കാണ് അനുമതി നൽകിയത്. ഏഴ് പ്രതിരോധ വാക്സിനുകൾ, നാല് പ്രതിരോധ മരുന്നുകൾ, 12 റാപിഡ് ടെസ്റ്റുകൾ എന്നിവക്കും കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു.

831 ആരോഗ്യ സ്ഥാപനങ്ങളാണ് ബഹ്റൈനിലുള്ളത്. ഇതിൽ 21 ആശുപത്രികൾ, 301 ഹെൽത്ത് സെന്‍ററുകൾ, 96 ക്ലിനിക്കുകൾ എന്നിവയും പ്രവർത്തിക്കുന്നു. ആരോഗ്യ മേഖലയിലെ പരിശോധനകൾ കൃത്യമായി നടത്താൻ പോയവർഷം സാധിച്ചു. പൊതു, സ്വകാര്യ മേഖലയിൽ ആരോഗ്യ, ചികിത്സാ സേവനങ്ങൾ മെച്ചപ്പെടുത്താൻ കോവിഡ് സാഹചര്യത്തിലും സാധിച്ചതായി അവർ പറഞ്ഞു. കൃത്യമായ പ്ലാനിങ്ങിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന തരത്തിൽ പ്രതിരോധ വാക്സിനുകൾക്ക് അംഗീകാരം നൽകിയതും നേട്ടമാണ്. കഴിഞ്ഞദിവസം നടത്തിയ വാർത്തസമ്മേളനത്തിലാണ് പോയവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചത്.

2020നെ അപേക്ഷിച്ച് കഴിഞ്ഞവർഷം ഫാർമസികളുടെ എണ്ണത്തിൽ 16 ശതമാനം വർധനയുണ്ടായി. രാജ്യത്ത് മൊത്തം 396 ഫാർമസികളുള്ളതിൽ 317 എണ്ണം സ്വതന്ത്രമായും 79 എണ്ണം ആരോഗ്യ സ്ഥാപനങ്ങളോടനുബന്ധിച്ചുമാണ് പ്രവർത്തിക്കുന്നത്. അലോപ്പതി ഇതര വൈദ്യ വിഭാഗത്തിൽ 20 സ്ഥാപനങ്ങൾക്ക് അനുമതി നൽകി. 31 സ്ഥാപനങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ എംബസിയും ഇന്ത്യൻ ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ ആയുർവേദ മെഡിക്കൽ ലൈസൻസ് പരീക്ഷയിൽ അഞ്ച് ആയുർവേദ മെഡിക്കൽ സെന്‍ററുകൾ പങ്കെടുത്തു.

കഴിഞ്ഞ വർഷം 1377 പരിശോധനകൾ നടത്തുകയും 117 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് അച്ചടക്ക സമിതി നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയും ചെയ്തു. പുതുതായി 357 മരുന്നുകൾ രജിസ്റ്റർ ചെയ്യുകയും 410 ഉൽപന്നങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. 3643 മരുന്നുകളാണ് മൊത്തം രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. താൽക്കാലികമായും അടിയന്തരമായും രോഗികൾക്ക് നൽകേണ്ട 2004 മരുന്നുകൾ എത്തിക്കുന്നതിന് ഏർപ്പാട് ചെയ്തതായും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - More than 25,000 health services licensed - Jalahima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.