മനാമ: ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 39ാമത് സമൂഹ രക്തദാന ക്യാമ്പ് 15ന് രാവിലെ ഏഴ് മുതല്‍ ഒന്നു വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. ‘രക്തം നൽകുക, പ്ലാസ്മ നൽകുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം.
സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്ന പേരില്‍ കെ.എം.സി.സി 14 വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷതയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്തു നിരവധി പേരാണ് കെ.എം.സി.സി മുഖേന രക്തം നൽകിയത്. 2009 മുതൽ 5900ത്തിലധികം പേരാണ് ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്തദാനം നടത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്സൈറ്റും ബ്ലഡ് ബുക്ക് എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെയും അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെ.എം.സി.സിക്ക് ലഭിച്ചിട്ടുണ്ട്. നാട്ടിലും സി.എച്ച് സെന്ററുമായി സഹകരിച്ച് രക്തദാന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ എംബസി പ്രതിനിധികൾ ഐ.സി.ആർ.എഫ് പ്രതിനിധികൾ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താൽപര്യമുള്ളവര്ക്ക് 33726401,33165242 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വാഹന സൗകര്യം ആവശ്യമുള്ളവർ 39903647 നമ്പറിൽ ബന്ധപ്പെടണം. മലബാർ ഗോൾഡാണ് ബ്ലഡ് ഡൊണേഷൻ സ്പോൺസർ. എ.പി. ഫൈസൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് (ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്റർ), ഒ.കെ കാസിം കെ.എം.സി.സി സെക്രട്ടറി (ഹെൽത്ത് വിങ് വർക്കിങ് ചെയർമാൻ), റഫീഖ് തോട്ടക്കര കെ.എം.സി.സി സെക്രട്ടറി, അഷ്റഫ് മഞ്ചേശ്വരം (ബ്ലഡ് ഡൊണേഷൻ ഡയറക്ടർ), നിഖിൽ (മലബാർ ഗോൾഡ് ബ്രാഞ്ച് മാനേജർ), ഹംദാൻ മൊഗ്രാൽ (മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.