മനാമ: നാഷനൽ ട്രീ വീക്കിന്റെ ഭാഗമായി വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഓഫിസ് വളപ്പിലും വസതികളിലും മരത്തൈകൾ നട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് വാരാചരണം തുടങ്ങിയത്.
കഴിഞ്ഞദിവസം വാരാചരണത്തിന്റെ ഭാഗമായി ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി മന്ത്രാലയത്തിൽ മരം നട്ടു. നാഷനൽ ബ്യൂറോ ഓഫ് റവന്യൂ സി.ഇ.ഒ റാണ ഇബ്രാഹിം ഫഖിഹി, ബ്യൂറോ ആസ്ഥാനത്ത് വൃക്ഷത്തൈകൾ നട്ടു. ബഹ്റൈൻ പാരാലിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വാരാചരണം നടന്നു. സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) ആക്ടിങ് സെക്രട്ടറി ജനറൽ ലുൽവ അൽ അവധിയും നിരവധി മരങ്ങൾ നട്ടു.
പരിസ്ഥിതിയെ സംരക്ഷിക്കുകയും പാരിസ്ഥിതിക സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വികസനത്തെ പിന്തുണക്കുകയും ചെയ്യുകയെന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ദേശീയ വൃക്ഷ വാരാഘോഷം രാജ്യത്തിന്റെ വനവത്കരണ പദ്ധതിക്ക് ഊർജം നൽകുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടിരുന്നു.
ഔദ്യോഗിക, സിവിൽ സ്ഥാപനങ്ങൾ, പൗരന്മാർ, താമസക്കാർ തുടങ്ങി എല്ലാവരും തമ്മിലുള്ള സഹകരണത്തോടെ ദൗത്യം വിജയിപ്പിക്കാനാണുദ്ദേശിക്കുന്നത്. 2035ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് പദ്ധതി.
ഈ ലക്ഷ്യം കൈവരിക്കുകയാണ് നാഷനൽ ട്രീ വീക്കിലൂടെ ലക്ഷ്യമിടുന്നത്. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കും. പാരിസ്ഥിതിക അവബോധം വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, ബഹ്റൈനിലുടനീളം ഹരിത ഇടങ്ങൾ വികസിപ്പിക്കുക തുടങ്ങിയ രാജ്യത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോടെയാണ് എല്ല വർഷവും ഒക്ടോബർ മൂന്നാം വാരം നാഷനൽ ട്രീ വീക്കായി ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.