മനാമ: ഉപയോഗിച്ച ഗ്ലാസ് കുപ്പികൾ ബോട്ലിങ് കമ്പനികൾ തിരിച്ചെടുക്കണമെന്ന വ്യവസ്ഥ വരാൻ സാധ്യത. ഇതുസംബന്ധിച്ച നിർദേശം സതേൺ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ ദിവസം ഏകകണ്ഠമായി പാസാക്കി. ഉപയോഗിച്ച കുപ്പികൾ ഉപേക്ഷിക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയാൽ മാത്രമാണ് പ്രാബല്യത്തിൽ വരുക. എന്നാൽ, നിയമംമൂലം നിർബന്ധിക്കപ്പെടുന്നതിന് മുമ്പുതന്നെ കമ്പനികൾക്ക് ഇതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നിർദേശം അവതരിപ്പിച്ച ചെയർമാൻ അബ്ദുല്ല അബ്ദുൽ ലത്തീഫ് അഭിപ്രായപ്പെട്ടു. ഉപയോഗിച്ച കുപ്പികൾ കഴുകി വൃത്തിയാക്കി കമ്പനികൾക്ക് തിരികെ നൽകണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഇതിന് നിശ്ചിത വിലയും ലഭിക്കും. എല്ലാ ബോട്ട്ലിങ് കമ്പനികൾക്കും പുതിയ കുപ്പികൾ അണുമുക്തമാക്കുന്നതിനുള്ള സംവിധാനം നിലവിൽതന്നെയുണ്ട്.
പാൽ, സോഡ, ജ്യൂസ് തുടങ്ങിയവ കുപ്പികളിൽ നിറക്കുന്നതിന് മുമ്പ് കൃത്യമായി അണുമുക്തമാക്കാറുണ്ട്. 1980കളിലും ’90കളിലും പഴയ കുപ്പികൾ കടകളിൽ തിരിച്ചെടുക്കുന്ന രീതിയുണ്ടായിരുന്നു. പിന്നീട്, പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം കാനുകളും വ്യാപകമായി എത്തിയതോടെ ഇത് നിന്നുപോവുകയായിരുന്നു. പാൽ, ശീതളപാനീയ കുപ്പികളാണ് വീടുകളിൽനിന്നുള്ള മാലിന്യത്തിൽ മുഖ്യ പങ്കുമെന്ന് അബ്ദുൽ ലത്തീഫ് ചൂണ്ടിക്കാട്ടി. പുതിയ നിയമം നടപ്പായാൽ ഇതിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.