മനാമ: മലയാളിത്തനിമയാർന്ന കലാരൂപങ്ങളും സമ്പൽസമൃദ്ധിയുടെ ഓർമകളുമായി വന്ന മാവേലിയും നൃത്തരൂപങ്ങളും പുലികളും പൂക്കളങ്ങളും ഓണപ്പാട്ടുകളും സാക്ഷിനിന്ന വേദിയിൽ ഓണോത്സവത്തിന്റെ പെരുങ്കളിയാട്ടം.
‘ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മലബാർ ഗോൾഡ് ഓണോത്സവം ലുലു ദാന മാളിലെ ആയിരങ്ങൾ തിങ്ങിനിറഞ്ഞ വേദിയിലാണ് അരങ്ങേറിയത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയ്ൻ നിർവഹിച്ചു.
ഗൾഫ് മാധ്യമം റീജിയണൽ മാനേജർ ജലീൽ അബ്ദുല്ല സ്വാഗതമാശംസിച്ച ചടങ്ങിൽ ഗൾഫ് മാധ്യമം രക്ഷാധികാരി എം.എം സുബൈർ അധ്യക്ഷത വഹിച്ചു. ബി.കെ. എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, മണികണ്ഠൻ (ബി.കെ. എസ്.എഫ്) അടക്കം നിരവധി സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
രാവിലെ ഒമ്പതിന് തുടങ്ങിയ ചിത്രരചന, പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിയത്.
ജൂനിയർ, സീനിയർ കാറ്റഗറികളിലായിരുന്നു ചിത്രരചന, കളറിങ് മത്സരങ്ങൾ. വർണവൈവിധ്യമുള്ള പൂക്കൾകൊണ്ട് ആരുടെയും ഹൃദയം കവരുന്ന പൂക്കളങ്ങളാണ് മത്സരാർഥികൾ തീർത്തത്.
ഉച്ചക്കുശേഷം നടന്ന പായസ മത്സരവും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പുതിയ രുചിക്കൂട്ടുകളുടെ പരീക്ഷണശാലയായി പായസ മത്സരം മാറി. പാചക രംഗത്തെ സജീവ സാന്നിധ്യങ്ങളായ വീട്ടമ്മമാർ മുതൽ പുത്തൻ തലമുറക്കാർ വരെ വൈവിധ്യവും പുതുമയുമുള്ള രുചിക്കൂട്ടുകളുമായി രംഗം കൈയടക്കി. രുചിയുടെ വൈവിധ്യംകൊണ്ട് ഭക്ഷണ, മധുരപ്രിയരുടെ മനസ്സ് കീഴടക്കിയ പായസ മത്സരത്തിന്റെ വിധി നിർണയിക്കാൻ ജഡ്ജസ് ബുദ്ധിമുട്ടി. വൈകീട്ട് നാലിന് തുടങ്ങിയ കപ്ൾ കോണ്ടസ്റ്റ് ബഹ്റൈനെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു.
പ്രിയങ്കരരായ ടെലിവിഷൻ താരങ്ങളായ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനുമാണ് കപ്ൾ കോണ്ടസ്റ്റിന് നേതൃത്വം നൽകിയത്.
മനാമ: നകുലേട്ടാ, ദാന മാളിലെ ‘ഗൾഫ് മാധ്യമ’ത്തിന്റെ കപ്പ്ൾ കോണ്ടസ്റ്റിനു ഞാൻ പോകും. വേണ്ട ഗംഗേ, ഇന്നു പോകണ്ട. അതെന്താ ഞാൻ പോയാല്. വേണ്ട ഇന്നു പോകണ്ടന്നല്ലേ പറഞ്ഞത്. നീയെന്നെ വിടമാട്ടേ... ഗംഗയുടെ വികാരപ്പകർച്ച സദസ്സ് പൊട്ടിച്ചിരിയോടെയാണ് ഏറ്റുവാങ്ങിയത്. ദാന മാളിൽ നടന്ന ഓണോത്സവം കപ്പിൾ കോണ്ടസ്റ്റായിരുന്നു വേദി. അവതാരകരായി ജീവ ജോസഫും മീനാക്ഷി രവീന്ദ്രനും തകർത്ത് പെർഫോംചെയ്തു. ഇവരോടൊപ്പം സഹ അവതാരകയായി മനീഷയും. മൂന്നു റൗണ്ടുകളിലായാണ് മത്സരം നടന്നത്. പ്രാഥമിക റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾക്കാണ് തങ്ങളുടെ പ്രകടനം തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ കാഴ്ച വെക്കാൻ അവസരം ലഭിച്ചത്. ദമ്പതികളൂടെ മനപ്പൊരുത്തം പരിശോധിക്കാനുള്ള റൗണ്ടുകളായിരുന്നു ആദ്യം. പലപ്പോഴും പൊട്ടിച്ചിരിക്ക് വഴിതെളിച്ച പ്രകടനം. ഇൻസ്റ്റന്റ് ചോദ്യ റൗണ്ടിൽ പാർട്ടിസിപന്റ്സിന്റെ വാഗ്ചാതുരി പരിശോധിച്ചു. വാചകമടിയുടെ തമ്പുരാക്കൻമാരായ മീനാക്ഷിയുടെയും ജീവയുടെയും മുന്നിൽ തകർപ്പൻ പ്രകടനം പലരും കാഴ്ച വെച്ചു. ‘തച്ചൻ തച്ച തച്ചത്തി, ഒരു തടിച്ചിത്തച്ചത്തി’ വേഗത്തിൽ പറഞ്ഞ് നാക്കുളുക്കി വീണവർ നിരവധി. ചിങ്ങം ഒന്ന് ഏത് ദിവസമായാണ് ആചരിക്കുന്നതെന്ന ചോദ്യം സദസ്സിനോടുണ്ടായി. രസകരമായ ഉത്തരങ്ങൾക്കിടയിൽ ശരിയുത്തരം പറഞ്ഞവർ സമ്മാനങ്ങളും സമ്മാനക്കൂപ്പണുകളും അപ്പോൾതന്നെ സ്വന്തമാക്കി. ശരമാരി പോലെ വന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞ് സമ്മാനങ്ങൾ നേടിയവർ നിരവധി. ഇതിനിടെ മാവേലിയും പുലിക്കളിയുമെത്തി. മോഹിനിയാട്ടം അവതരിപ്പിച്ച് നർത്തകിമാർ സദസ്സിന്റെ മനസ്സു കീഴടക്കുകയും ചെയ്തു.
മനാമ: പെയിന്റിങ് മത്സരവേദിയിൽ ചൈനയിൽനിന്നൊരു പ്രതിഭയും. ഓണോത്സവത്തിന്റെ ഭാഗമായി ലുലു ദാന മാളിൽ നടന്ന സീനിയർ വിഭാഗം കുട്ടികളുടെ ചിത്രരചനാ മത്സരത്തിലാണ് ചൈനയിൽനിന്നുള്ള പ്രതിഭാസ്പർശമുണ്ടായത്. ബ്രിട്ടീഷ് സ്കൂൾ ഓഫ് ബഹ്റൈനിലെ നാലാം ക്ലാസ് വിദ്യാർഥി റുൻസെ വാങ്ങാണ് വർണമനോഹരമായ വഞ്ചിയും നദിയും വരച്ച് ഓണാഘോഷത്തിന് ഐക്യദാർഢ്യമറിയിച്ചത്. ചൈനീസ് എംബസി ഉദ്യോഗസ്ഥരായ ദൗ ഷെൻഗ്രിയുടേയും സെൻ വാങ്ങിന്റേയും മകനാണ് റുൻസെ വാങ്. ചിത്രരചനയിൽ ചെറുപ്പം മുതലേ തൽപരനാണ് റുൻസെയെന്ന് മാതാവ് പറഞ്ഞു.
ചിത്രരചന മത്സരം കണ്ടപ്പോൾ തനിക്കും മത്സരിക്കണമെന്ന് വാശി പിടിച്ചു. ഓണാഘോഷത്തെപ്പറ്റി അറിയില്ലെങ്കിലും ഹാർവസ്റ്റ് ഫെസ്റ്റിവൽ എന്നു പറഞ്ഞത് മനസ്സിലായി. ചൈനയിലെ പുരാതന നഗരമായ സി ആൻ സ്വദേശികളാണ് റുൻസെയുടെ കുടുംബം.
ബെയ്ജിങ്ങിൽനിന്ന് എക്സ്പ്രസ് ടെയിനിൽ നാല് മണിക്കൂർ യാത്ര ചെയ്യണം. ചൈനീസ് വൻമതിലിന് ഏതാണ്ട് അടുത്താണ്. കടലില്ലെങ്കിലും നദികളും വഞ്ചികളുമുണ്ട്. അത്തരമൊരു വഞ്ചിയാണ് റുൻസെ വരച്ചത്. കണ്ടാൽ നമ്മുടെ ചുണ്ടൻവള്ളം പോലെയിരിക്കുന്ന ഒന്ന്. മത്സരം കാണാനെത്തിയ ജനക്കൂട്ടത്തിന്റെ അഭിനന്ദനം വലിയതോതിൽ റുൻസെക്ക് ലഭിച്ചു.
പങ്കെടുത്ത എല്ലാ കുട്ടികളോടുമൊപ്പം സമ്മാനവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി പുതിയതായി കിട്ടിയ ഇന്ത്യൻ കൂട്ടുകാരോടൊപ്പം ഫോട്ടോയുമെടുത്താണ് റുൻസെ മടങ്ങിയത്.
മനാമ: ഓണോത്സവത്തോടനുബന്ധിച്ച് നടന്ന പായസ മത്സരത്തിൽ രുചിയുടെ പ്രളയം. ചക്കപ്പായസം മുതൽ ബീറ്റ്റൂട്ട് പായസം വരെ. മുളയരിപ്പായസം മുതൽ ഫ്യൂഷൻ പായസം വരെ. കായ്ക്കറി പായസം, മൈക്രോ ഗ്രീൻസ് സ്വീറ്റ് കോൺ പായസം, പൈനാപ്പിൾ ഫിഗ് പായസം, ചക്ക ഈന്തപ്പഴം പ്രഥമൻ, ധനൽബാൾസ് പായസം, റൈസ് ഫ്യൂഷൻ പായസം, ബട്ടർ സ്കോച്ച് ഹസ്റ്റാച്ചിയാ, ചിക്കൂ ടെൻഡർ കോക്കനട്ട് ജാഗറി പായസം, തെങ്ങിൻ കരിമ്പ് പായസം, സപ്തഹരിത പ്രഥമൻ എന്നിങ്ങനെ പേരുകേട്ടാൽ തന്നെ ഭയങ്കരന്മാരായ പായസക്കൂട്ടുകൾ. എങ്ങനെ ഇടി കൂടാതിരിക്കും പായസപ്രേമികൾ. പായസം രുചിക്കാൻ ജനപ്രളയമായിരുന്നു ദാന മാളിൽ. എല്ലാവരുടെയും നാവിലെ രുചിമുകുളങ്ങൾ ഉണർന്ന സായാഹ്നം. മലയാളികൾ മാത്രമല്ല, വിവിധ ദേശക്കാരടങ്ങുന്ന ജനം പായസങ്ങൾ ആസ്വദിച്ചു. എല്ലാവർക്കും മതിയാക്കുന്നവരെ വിളമ്പിക്കൊടുക്കാൻ മത്സരാർഥികളും ഉത്സാഹിച്ചു. എല്ലാവരും സോ ഹാപ്പി. കൈനിറയെ സമ്മാനങ്ങളുമായാണ് മത്സരത്തിൽ പങ്കെടുത്തവർ മടങ്ങിയത്. വൈവിധ്യമുള്ള രുചിക്കൂട്ടുകൾ വിധി കർത്താക്കൾക്കും പുതിയ അനുഭവമായിരുന്നു. വിധിനിർണയിക്കുക ദുഷ്കരമായിരുന്നെന്ന് വിധികർത്താക്കൾ പറഞ്ഞു. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു എന്നതുതന്നെ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.