മനാമ: വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യത്ത് ജനാധിപത്യ പ്രക്രിയയെ ഊട്ടിയുറപ്പിക്കുന്നതിൽ പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പുകൾക്ക് വലിയ പങ്കുണ്ടെന്ന് വിലയിരുത്തി. അന്താരാഷ്ട്ര ജനാധിപത്യദിനാചരണത്തിന്റെ വേളയിലാണ് ബഹ്റൈനിലെ ജനാധിപത്യ പരിഷ്കരണ ശ്രമങ്ങളെ വിലയിരുത്തിയത്. അന്തരിച്ച എലിസബത്ത് രാജ്ഞിയെ അനുസ്മരിക്കുകയും അവർ നൽകിയ സേവനങ്ങളെ എടുത്തു പറയുകയും ചെയ്തു. പുതുതായി സ്ഥാനമേറ്റ ചാൾസ് മൂന്നാമന് മന്ത്രിസഭ ആശംസ നേർന്നു. ബ്രിട്ടൻ തുടർന്നു വരുന്ന നയനിലപാടുകൾ മുറുകെ പിടിച്ച് മുന്നോട്ടുപോകാൻ അദ്ദേഹത്തിന് സാധ്യമാവുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
ബഹ്റൈനും ചിലിയും തമ്മിൽ വ്യോമഗതാഗത മേഖലയിൽ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി. ബഹ്റൈനും ബോസ്നിയയും തമ്മിൽ വ്യോമ സേവന മേഖലകളിൽ സഹകരിക്കുന്നതിനുള്ള നിർദേശത്തിന് അംഗീകാരം നൽകി. പാർപ്പിടകേന്ദ്രങ്ങൾ നിലകൊള്ളുന്ന പ്രദേശങ്ങളുടെ നവീകരണത്തിനുള്ള പാർപ്പിടമന്ത്രിയുടെ നിർദേശം മന്ത്രിസഭയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.