മനാമ: കോവിഡ് മഹാമാരി അപഹരിച്ച സോമൻ കുയിമ്പിൽ എന്ന ഗ്രാമീണ കവിക്ക് പ്രവാസലോകം ആദരമർപ്പിച്ചു. ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ ജോലിയും കുടുംബവും രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തനവുമായി കഴിയവെയാണ് 2021 ആഗസ്റ്റ് 23ന് സോമനെയും മാതാവിനെയും ഇളയ സഹോദരനെയും കോവിഡ് കവർന്നത്. വടകര എടച്ചേരിയിലെ കച്ചേരി സ്വദേശിയായിരുന്നു സോമൻ. സോമൻ രചിച്ച കവിതകളുടെ സമാഹാരമായ ‘കണ്ണീർക്കണം’ ജനുവരി 19ന് എടച്ചേരി കമ്യൂണിറ്റി ഹാളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തിരുന്നു.
സോമന്റെ ദീർഘകാല കർമമണ്ഡലമായ ബഹ്റൈനിലും കവിത പ്രകാശനം ചെയ്യണമെന്ന സുഹൃത്തുക്കളുടെ ആഗ്രഹമാണ് പ്രവാസലോകം നിറവേറ്റിയത്. ബഹ്റൈൻ കേരളീയ സമാജവും സാംസ സാംസ്കാരിക സമിതിയും സംയുക്തമായാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള പ്രകാശനം നിർവഹിച്ചു. സാംസ പ്രസിഡന്റ് മനീഷ് പുന്നോത്ത് പുസ്തകം ഏറ്റുവാങ്ങി. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര പുസ്തകം പരിചയപ്പെടുത്തി. ഭാഷയും രചനാരീതിയും എളുപ്പം ഗ്രാഹ്യമാകുന്ന ശൈലി ആയതിനാലും വിഷയങ്ങൾ സാധാരണ മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതിനാലും വായനക്കാരൻ തന്നെ കവിയാണ് എന്ന തോന്നൽ കവിതകളിലുടനീളം കാണാമെന്നും എല്ലാ കവിതകളിലും സംഗീതാത്മകത നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാംസ ഉപദേശക സമിതി അംഗം ബാബു മാഹി, ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, കെ.ഇ.ഇ.എൻ ജനറൽ സെക്രട്ടറിയും സാംസ ഉപദേശക സമിതി അംഗവുമായ മുരളി കൃഷ്ണൻ, സമാജം സാഹിത്യ വിഭാഗം കൺവീനർ പ്രശാന്ത് മുരളി, മാധ്യമപ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. കവിതാസമാഹാരത്തിലെ ശില്പി എന്ന കവിത ആഗ്നേയ നിത്യാനന്ദ് ആലപിച്ചു. സോമന്റെ സഹോദരൻ വത്സൻ കുയിമ്പിൽ സംസാരിച്ചു. സാംസ ജനറൽ സെക്രട്ടറി നിർമല ജേക്കബ് സ്വാഗതവും വനിത വിഭാഗം പ്രസിഡന്റ് ഇൻഷ റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.