മനാമ: ഒരു വർഷമായി നടന്നുവരുന്ന ബഹ്റൈൻ പ്രതിഭയുടെ 40ാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം കേരളീയ സമാജത്തിൽ വെച്ച് നടന്നു. പ്രതിഭ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻ പ്രസിഡന്റുമായ പി.ടി തോമസ് രചിച്ച് ചിട്ടപ്പെടുത്തി സ്വരലയയിലെ 40 ഗായികാ ഗായകന്മാർ ആലപിച്ച അവതരണ ഗാനത്തോടെയാണ് സമാപന പരിപാടികൾ ആരംഭിച്ചത്. അശ്വമേധം ഫെയിം ജി.എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മനാമയിൽ നിന്നുള്ള ബഹ്റൈൻ പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യാതിഥിയായിരുന്നു. ബഹ്റൈൻ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷനായിരുന്നു. 40ാം വാർഷിക ആഘോഷങ്ങളുടെ സംഘാടകസമിതി ചെയർമാനും ലോക കേരളസഭ അംഗവുമായ പി. ശ്രീജിത്ത്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റും ലോക കേരളസഭ അംഗവുമായ പി.വി. രാധാകൃഷ്ണ പിള്ള.
പ്രതിഭ സ്ഥാപക നേതാക്കളിൽ ഒരാളും ലോക കേരളസഭ അംഗവുമായ സി.വി. നാരായണൻ. 40ാം വാർഷിക സംഘാടകസമിതി ജനറൽ കൺവീനറും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ, പ്രതിഭ രക്ഷാധികാരി സമിതി അംഗം എ.വി. അശോകൻ, പ്രതിഭ ജോയന്റ് സെക്രട്ടറി സജിഷ പ്രജിത്ത്, വനിതവേദി സെക്രട്ടറി റീഗ പ്രദീപ്, സാമ്പത്തിക വിഭാഗം കൺവീനർ എൻ.കെ വീരമണി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റാം നന്ദി പ്രകാശിപ്പിച്ചു.
എലിഗന്റ് കിച്ചൺ മുഖ്യ പ്രായോജകരായ ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ജി.എസ്. പ്രദീപ് ഷോ വമ്പിച്ച ജനപങ്കാളിത്തത്തോടെ ബഹ്റൈൻ കണ്ട ഏറ്റവും മികച്ച വിജ്ഞാന സദസ്സായി മാറി. മൂന്നര മണിക്കൂർ നീണ്ടുനിന്ന വിജ്ഞാന യുദ്ധത്തിൽ 1,11,111 രൂപയും, പ്രത്യേകം തയാർ ചെയ്ത ഫലകവും നേടി ശ്രീജ ബോബി പ്രതിഭ മലയാളി ജീനിയസ് പട്ടത്തിന് അർഹയായി. മുന്നൂറിൽപ്പരം മത്സരാർഥികളിൽ നിന്ന് അവസാന റൗണ്ടിൽ ഇടം നേടിയ അനീഷ് മാത്യു, ഷാജി കെ.സി, ജോസി തോമസ്, സലിം തയ്യിൽ, സോണി കെ.ആർ എന്നിവർ 11, 111 രൂപയും ഫലകവും കരസ്ഥമാക്കി.
തുടർന്ന് പ്രതിഭ ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച നൃത്തം പൂമാതെ പൊന്നമ്മ, കലാമണ്ഡലം ജിദ്യ ജയൻ പരിശീലിപ്പിച്ച നൃത്തം പഞ്ചദളം, ശ്രീനേഷ് ശ്രീനിവാസന്റെ ശിഷ്യർ അവതരിപ്പിച്ച നൃത്തം വിബ്ജിയോര്‍, ഡോ. ശിവകീര്‍ത്തി രവീന്ദ്രന് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഡേ സീറോ (Day zero), ദ ലാൻഡ് വിത്തൗട്ട് വാട്ടർ’ എന്ന പ്രതിഭ അംഗങ്ങൾ അവതരിപ്പിച്ച സംഗീത നാടകം, മധുലാൽ കൊയിലാണ്ടി അവതരിപ്പിച്ച ‘സൗണ്ട് മാജിക്’ മിമിക്രിയിലൂടെ ഒരു യാത്ര ീന്നി കലാപരിപാടികൾ രംഗത്ത് അരങ്ങേറി.
തുടർന്ന് സമ്മാനദാനവും, എം.ടി.യുടെ വിവിധ രചനകളെ ആസ്പദമാക്കി വി. ആർ. സുധീഷ് രചിച്ച അന്തരിച്ച നാടക കലാകാരൻ പ്രശാന്ത് നാരായണൻ രംഗഭാഷ ഒരുക്കി, വിനോദ് വി. ദേവൻ സംവിധാനം ചെയ്ത മഹാസാഗരം എന്ന നാടകവും അരങ്ങേറി.
പ്രതിഭ നാടക വേദിയിലെ നാടക കലാകാരന്മാർ അണിനിരന്ന മഹാസാഗരം നിറഞ്ഞ സദസ്സിന് പുത്തൻ അനുഭവമായി മാറി. നാടകത്തിന്റെ ലൈറ്റ് ഡിസൈൻ ചെയ്ത കാമിയോ സ്റ്റുഡിയോ ഡയറക്ടർ ശ്രീകാന്ത് കാമിയോ, ജി.എസ് പ്രദീപ് ഷോ ടെക്നിക്കൽ ഡയറക്ടർ വിഷ്ണു എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.