മനാമ: പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
2024ൽ കൊണ്ടുവന്ന ധനകാര്യ നിയമത്തിൽ ഇന്ത്യയിൽ താമസിക്കുന്നവരെയും പ്രവാസികളെയും വ്യത്യസ്തരായി കാണുന്ന നയം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അടിയന്തരമായി ഈ വിവേചനം അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ വസ്തുകൈമാറ്റം ചെയ്യുമ്പോഴുണ്ടാകുന്ന വരുമാനത്തിൽ പ്രവാസികൾ കൂടുതലായി വരുമാന നികുതി നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഇന്ത്യൻ പൗരന്മാരെ വ്യത്യസ്തരായി കാണുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും മറ്റുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് ലീഗൽ സെല്ലിനായി നിവേദനം സമർപ്പിച്ചിരിക്കുന്നത്. പ്രവാസ മേഖലയിൽ വൻ പ്രതിഷേധം ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ നയം അടിയന്തരമായി പിൻവലിക്കണമെന്നും അനുകൂല നടപടി ഉണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അബൂദബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറാബി വലിയകത്ത്, യു.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, കുവൈത്ത് ചാപ്റ്റർ അധ്യക്ഷൻ ബാബു ഫ്രാൻസിസ്, ഇറ്റലി ചാപ്റ്റർ കോഓഡിനേറ്റർ പ്രഫ. ജോസ് ഫിലിപ്പ്, കാനഡ കോഓഡിനേറ്റർ ബിജു ഫിലിപ്പ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.