മനാമ: ദേശീയ ദിനത്തിന്റെ ആഘോഷനിറവിലാണ് രാജ്യം. രാജ്യമെമ്പാടും ദേശീയ പതാകയുടെ നിറത്തിലുള്ള പ്രകാശസംവിധാനവും ലൈറ്റുകളും അലങ്കാരങ്ങളും നിറഞ്ഞുകഴിഞ്ഞു. ചുവപ്പും വെള്ളയും വസ്ത്രങ്ങളും ഷാളുകളുമണിഞ്ഞ് ജനങ്ങളും ദേശീയ ദിനത്തെ വരവേൽക്കുന്നു. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് (ബി.ഐ.സി) അടക്കം വിവിധ സ്ഥലങ്ങളിൽ കരിമരുന്ന് കലാപ്രകടനങ്ങളടക്കം ഇന്ന് അരങ്ങേറും. ശനിയാഴ്ച രാത്രി ഏഴിനാണ് ബി.ഐ.സിയിലെ ഫയർ വർക്സ് അരങ്ങേറുക. നിരവധി റേസിങ് ഇവന്റുകളും ബി.ഐ.സിയിൽ നടക്കും. ഇന്നലെ ആരംഭിച്ച പോർഷെ കരേര കപ്പ് മിഡിൽ ഈസ്റ്റ് മത്സരം ഇന്നും തുടരും. ആരാധകർക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ ഹോട്ട്ലൈനായ 17450000 എന്ന നമ്പറിലും സർക്യൂട്ടിന്റെ വെബ്സൈറ്റ് bahraingp.com ലും ലഭിക്കും.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 16, 17 തീയതികളിൽ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പൈതൃക ഗ്രാമത്തിൽ ഡിസംബർ 30വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിൽ തുടങ്ങി. ഡിസംബർ 31വരെ വാട്ടർ ഗാർഡൻ സിറ്റിയിൽ ഫെസ്റ്റിവൽ സിറ്റി ആഘോഷ പരിപാടികൾ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിക്ക് കീഴിൽ നടക്കും. ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി 23വരെ സംഘടിപ്പിക്കുന്ന ലയാലി മുഹറഖ് പരിപാടി ജനശ്രദ്ധ ആകർഷിച്ച് തുടരുകയാണ്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനും രാത്രി 10 മണിക്കും ഇടയിലാണ് മുഹറഖ് നൈറ്റ് ഫെസ്റ്റിവൽ. സംഗീത പരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയടക്കം നടന്നു. കരകൗശലവസ്തുക്കൾ, സംഗീതം, ഭക്ഷണം, ടൂർ പാക്കേജ് എന്നിവയൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. പേളിങ് പാത്ത് വിസിറ്റേഴ്സ് സെന്റർ മുതൽ വടക്ക് സിയാദി മജ്ലിസ് വരെ ഉത്സവപ്രതീതിയാണ്.
കാമിൽ സഖറിയയുടെ ‘ആൻഡ് ഐ കീപ് ഡീമാർക്കേറ്റിംഗ്' എക്സിബിഷൻ ബിൻ മാറ്റർ ഹൗസിലാണ് നടക്കുന്നത്. അഹമ്മദ് മേട്ടറിന്റെ കലാരൂപങ്ങൾ ഹൗസ് ഓഫ് ആർക്കിടെക്ചറൽ ഹെറിറ്റേജിൽ എല്ലാ ദിവസവും പ്രദർശിപ്പിക്കുന്നുണ്ട്. ജംഷീർ ഹൗസിൽ എല്ലാ ദിവസവും 'മെറ്റീരിയൽ ആൻഡ് കൺസർവേഷൻ' എന്ന പേരിൽ പ്രദർശനം നടക്കും. അൽ റിവാഖ് ആർട്ട് സ്പേസ് ആണ്. അമരത് ഫഖ്രോ I, ബ്ലോക്ക് 209 എന്നിവിടങ്ങളിൽ 'ഐ വിഷ് ഐ വാസ് എ ഡോവ് ഓൺ എ സ്പാർ' എന്ന രണ്ട് ഭാഗങ്ങളുള്ള പ്രദർശനവും സംഘടിപ്പിക്കുന്നു. ഡിസംബർ 23വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്ക് ജംഷീർ ഹൗസിൽ മജ്ലിസ് ഉണ്ടായിരിക്കും. നിരവധി ക്രാഫ്റ്റ് വർക്ക്ഷോപ്പുകളും ദിവസേന നടക്കും. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും പേളിങ് പാത്തിലേക്ക് ആകർഷിക്കാൻ നിരവധി ടൂർ പാക്കേജുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. മുഹറഖ് സൂക്കിൽ അറബ് സിനിമകളുടെ പ്രദർശനവും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.