പ്രവാസം എന്താണെന്ന് അറിഞ്ഞപ്പോൾ മനസ്സിനോട് തന്നെ പറഞ്ഞൊരുവാക്കാണ് എത്രയും വേഗം തിരിച്ചുപോകണം. എന്നാൽ, നിശ്ശബ്ദമായ മനസ്സിന്റെ മറുപടി ഇതുവരെ എത്തിയില്ല. അതുകൊണ്ട് തന്നെ ഓരോ വർഷങ്ങൾ എങ്ങനെ കടന്നുപോയി എന്നതും അറിയുന്നില്ല. ഓരോ വർഷങ്ങളിലും അറിയുന്ന സത്യമായൊരു കാര്യമുണ്ട്, അതാണ് പുണ്യങ്ങളുടെ മാസമായ റമദാന്റെ വരവ്. പ്രവാസജീവിതത്തിൽ ഈ മാസം വരുന്നതും പോകുന്നതും എന്തെങ്കിലും ഓർമകൾ സമ്മാനിച്ചാണ്.
എല്ലാവർഷങ്ങളിൽനിന്നും വളരെ വ്യത്യസ്തമാണ് ഈ വർഷം. തുടക്കം മുതലേ ഉടലിൽനിന്നും വിട്ടുപോകാതെ നിൽക്കുന്ന തണുപ്പ് അറിയാതെ എത്തുന്ന മഴ ഇതൊക്കെ എന്നെ സംബന്ധിച്ച് കഴിഞ്ഞുപോയ വർഷത്തിനെയൊക്കെ അപേക്ഷിച്ച് ശരിക്കും വ്യത്യസ്തമാണ്.
കഴിഞ്ഞ ദിവസമാണ് നോമ്പിന്റെ ദിവസങ്ങളെ കുറിച്ച് ഞാൻ അറിയുന്നത്. ആദ്യത്തെ പത്ത് ദിവസം പിന്നെ വരുന്ന പത്ത് ദിവസം എല്ലാത്തിനും അവസാനം നോമ്പ് കഴിയാൻ പോകുന്ന അവസാനത്തെ പത്ത് ദിവസം. ഇതിനെല്ലാം ഓരോ പ്രത്യേകതകൾ ഉണ്ടെന്ന് പറയുമ്പോൾ വീണ്ടും കേൾക്കാൻ ഞാൻ അവിടെ നിന്നു. വ്രതം നോക്കി വിശ്രമമില്ലാതെ എത്തുന്നവരുടെ സമർപ്പണമനോഭാവം, ത്യാഗം. അതാണ് ശരിക്കും സ്രഷ്ടാവിന്റെ സ്നേഹത്തിനും അതുപോലെ മോക്ഷത്തിനും ഇടയാക്കുന്നത്.
പ്രവാസത്തിലെത്തിയകാലം നോമ്പ് ഒരു ഭയമായിരുന്നു. എന്നാൽ, നോമ്പിനെ അറിഞ്ഞപ്പോൾ അത് അനുഭവമായി. അതിൽ പറഞ്ഞിരിക്കുന്ന വ്രതത്തിന്റെ ശുദ്ധി മനസ്സിലായി. പിന്നെ നോമ്പ് കഴിയുമ്പോൾ കഴിഞ്ഞുപോയ ദിവസങ്ങൾ പ്രിയപ്പെട്ടവരോട് പറയാനും ഓർക്കാനുമുള്ള സമയമാണ്. യഥാർത്ഥഥ തത്ത്വവും പിന്നെ ലക്ഷ്യവും, അതിന്റെ മഹത്വവും അറിഞ്ഞുകഴിഞ്ഞാൽ ഏതോരാൾക്കും ഈ മുപ്പത് ദിവസം വളരെ ബഹുമാനത്തോടെ കാണാൻ സാധിക്കുമെന്നത് ഞാൻ അറിഞ്ഞ ഒരു സത്യമാണ്.
എത്ര തിരക്കുകളും മാറ്റിവെച്ച് നോമ്പിനെ ഒരു വലിയ കരുതലായി സമയത്തെ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്നത് കാണുമ്പോൾ അതിശയമാണ്. അത് ഒന്നല്ല മുപ്പത് ദിവസം സ്രഷ്ടാവിനുമുന്നിൽ ഞാൻ നിന്റെ അനുസരണപാത്രമാണ് എന്ന വിശുദ്ധിയിൽ നടക്കുമ്പോൾ നേടിയെടുക്കുന്ന ഒരു വലിയ അത്ഭുതമാണ് റമദാൻ.
സത്യം പറഞ്ഞാൽ റമദാൻ മാസം എത്ര പരിശുദ്ധമാണ്, അതിൽ എത്രമാത്രം പവിത്രത നിറഞ്ഞിരിക്കുന്നു എന്ന് എനിക്കറിയാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ഇന്ന് ജാതിയും മതവും രാജ്യങ്ങളും പിന്നെ പുതിയ തലമുറകളും കൊമ്പുകോർത്ത് പരസ്പരം മത്സരിക്കുമ്പോൾ വിശ്വാസങ്ങളെ വിശ്വാസമായും സത്യത്തിനെ സ്വത്തായും കരുതി സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ പടച്ചതമ്പുരാനോടുള്ള പ്രാർഥനയാണ് ഓരോ ദിവസവും നമ്മൾക്ക് അത്യാവശ്യം. വ്രതം അനുഷ്ഠിക്കുന്ന എല്ലാ സഹോദരങ്ങളെയും പടച്ചതമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.