മനാമ: റമദാൻ എത്താൻ ഇനി രണ്ടാഴ്ചമാത്രം ശേഷിക്കെ വിശുദ്ധ നാളുകളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സജീവം. ചാരിറ്റി സംഘടനകളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെ സഹായിക്കാനും അവർക്കായി റമദാൻ കിറ്റുകൾ നൽകാനുമുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാരിറ്റി ബസാർ ആരംഭിക്കുകയും ചെയ്തത് ഇതിെൻറ ഭാഗമാണ്. സഹായം ആവശ്യമുള്ളവരുടെ രജിസ്ട്രേഷനും നടക്കുന്നുണ്ട്. ഇതിെൻറ കണക്കെടുപ്പും തയ്യാറെടുപ്പുകളും സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. സഹായം ആവശ്യമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർക്ക് റമദാൻ സഹായം നൽകാനുള്ള റമദാൻ കൂപ്പണുകളും വിവിധ ചാരിറ്റി സംഘടനകൾ വിതരണം ചെയ്ത് തുക ശേഖരിക്കുന്നുണ്ട്. കാരുണ്യത്തിെൻറ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് സംഘടനകൾ നടത്തുന്നത്. നിരവധി മസ്ജിദുകളിൽ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
നോമ്പ് തുറ നടത്താനായി നിരവധി മസ്ജിദുകളിൽ കൂടാരങ്ങളും തയ്യാറാക്കും. ചില മസ്ജിദുകളിൽ മസ്ജിദുകൾക്കുള്ളിലാകും നോമ്പ് തുറക്കുള്ള സംവിധാനങ്ങൾ. ഇൗന്തപ്പഴവും പഴങ്ങളും പാനീയവും മുതൽ ബിരിയാണിയും മന്തിയും വരെ നോമ്പ് വിഭവങ്ങളാകും. ‘ഹരീസ്, ഇന്ത്യയിൽ നിന്നുള്ള റുആഫ്സ്’ എന്നിവയും ചിലയിടങ്ങളിൽ നോമ്പ് തുറക്കാൻ എത്തും. ഇതിന് പുറമെ വീടുകളും സംഘടനകളും നോമ്പ് തുറയുടെ വേദികളാകും. മലയാളി പ്രവാസി സംഘടനകൾ ഉൾപ്പെടെയുള്ളവർ സമൂഹ നോമ്പ് തുറ നടത്താൻ ഹോട്ടലുകളും ഹാളുകളും ബുക്ക് ചെയ്ത് വിശിഷ്ടാതിഥികളെ ക്ഷണിക്കുകയും ചെയ്ത് കഴിഞ്ഞു. റമദാൻ പ്രമാണിച്ച് വിപണിയിലും വ്യാപകമായ മുന്നൊരുക്കങ്ങൾ തുടങ്ങികഴിഞ്ഞു. ഹൈപ്പർമാർക്കറ്റുകൾ മുതൽ ഷോപ്പുകളിൽ വരെ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വിലക്കുറവ് ഏർപ്പെടുത്തിയും വിപുലമായ സ്റ്റോക്ക് എത്തിച്ചും വ്യാപാരം തകൃതിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനകം ചില സ്ഥാപനങ്ങൾ ചില സാധനങ്ങൾക്ക് 70 ശതമാനത്തോളം വിലക്കുറവ് പ്രഖ്യാപിച്ചാണ് റമദാൻ കച്ചവടത്തിനായി ഒരുങ്ങിയിട്ടുള്ളത്. ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വിപണിയിലും തിരക്ക് ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.