പട്ടിണിയുടെ നോമ്പുകാലം

നോമ്പ് വരുമ്പോഴെല്ലാം ഓർമവരുന്നത് കുഞ്ഞനുജത്തിയുടെ കൈയും പിടിച്ച് സ്റ്റീൽ പാത്രവുമായി അടുത്ത വീട്ടിൽ നിന്ന് ഐസ് വെള്ളം വാങ്ങാൻപോയിരുന്ന കാലമാണ്.

ഉപ്പയും ഉമ്മയും ഞങ്ങൾ അഞ്ചു മക്കളും അടങ്ങിയ കുടുംബം കഷ്ടപ്പാടിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിതം മുന്നോട്ടുപോയിരുന്ന നാളുകൾ.

കൊച്ചു വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ കുട്ടികളായ ഞങ്ങൾ അഞ്ചു പേർക്കും നോമ്പുതുറക്കാനുള്ള ഭക്ഷണം ഉമ്മ എങ്ങനെയെങ്കിലും ഉണ്ടാക്കി തരും. ഇന്നത്തെ പോലെ വറുത്തതും പൊരിച്ചതുമൊക്കെ വിദൂര സ്വപ്നമായിരുന്നു അന്ന്.

ഉപ്പക്ക് പണിയൊന്നുമില്ല. നോമ്പുതുറന്ന ശേഷം കൈതോലപ്പായയിൽ ഇരുന്ന് എല്ലാവരും ഉച്ചത്തിൽ ദിക്ർ ചെല്ലും. അതിന് ശേഷം നോമ്പെടുത്തതിന്റെ ക്ഷീണവുമായി തളർന്ന് കിടന്നുറങ്ങും.

പിന്നീട് പാതിരാത്രിയിൽ ഉമ്മ എഴുന്നേറ്റ് ഞങ്ങൾ കുട്ടികളെ എല്ലാവരേയും അത്താഴം കഴിക്കാൻ വിളിക്കും. ചെറുപഴവും അവിലും കട്ടൻ ചായയുമായിരുന്നു അത്താഴം.

ഉച്ചവെയിൽ മാഞ്ഞ് വൈകുന്നേരമാകുമ്പോഴാണ് അനിയത്തി സബീനയുടെ കൈയും പിടിച്ച് പാത്രവുമായി അഞ്ചാറ് വീട് അപ്പുറമുള്ള ശാന്ത ചേച്ചിയുടെ വീട്ടിൽനിന്ന് ഐസ് വെള്ളം വാങ്ങാൻ പോകുന്നത്. നോമ്പുതുറക്കുന്ന സമയത്ത് നാരങ്ങ വെള്ളം ഉണ്ടാക്കാൻ വേണ്ടിയാണ്. എന്നും രണ്ടു കുപ്പി വെള്ളം ഫ്രിഡ്ജിൽ തണുപ്പിച്ച് ചേച്ചി ഞങ്ങളെ കാത്തിരിക്കും.

നന്നെ ചെറുപ്രായത്തിൽ തന്നെ കുടുംബഭാരം തലയിലേറ്റി ജോലിക്ക് പോയി തുടങ്ങി. വിവിധ ജോലികൾ ചെയ്ത് കേരളത്തിനകത്തും പുറത്തും താമസിച്ചു. എല്ലാവരും കളിച്ചും ചിരിച്ചും നടന്നിരുന്ന കുട്ടിക്കാലത്ത് വീട്ടിലെ പ്രാരബ്ധം കാരണം പണിക്കുപോകേണ്ടിവന്നു. അതുകൊണ്ട് തന്നെ മറ്റു കുട്ടികളെപോലെ സമൃദ്ധമായ മറ്റൊരു കുട്ടിക്കാലം ഉണ്ടായിരുന്നില്ല.

ഇപ്പോൾ ബഹ്റൈനിൽ പ്രവാസജീവിതം 18 വർഷമാകുന്നു. നോമ്പും പെരുന്നാളും കൂടുതലും പ്രവാസ ലോകത്ത് തന്നെ. എന്നാലും നോമ്പ് കാലം വരുമ്പോഴെല്ലാം നിറം മങ്ങിയ കുട്ടിക്കാലത്തെ ഓർമകളിൽ കുഞ്ഞനുജത്തിയും ശാന്ത ചേച്ചിയും ഐസ് വെള്ളവും ഒക്കെ നിറഞ്ഞുനിൽക്കുന്നു.

Tags:    
News Summary - Ramadan experiences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.