മനാമ: ഗൾഫ്മാധ്യമം പവിഴദ്വീപിൽനിന്ന് അച്ചടി തുടങ്ങുന്ന വേളയിൽ ഞാൻ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റായിരുന്നു.പത്രത്തിന്റെ ചീഫ് എഡിറ്റർ ഹംസ അബ്ബാസ് സാഹിബുമായും ലേഖകനായിരുന്ന എം.സി.എ നാസറുമായുള്ള അടുപ്പം എന്നെ പത്രത്തിന്റെ സ്ഥിരം വായനക്കാരനാക്കി.
സൂര്യ കൾച്ചറൽ സൊസൈറ്റി അസോസിയേഷൻ അമരക്കാരനായപ്പോഴും വടകര സൗഹൃദവേദിയുടെ രൂപവത്കരണം മുതൽ ഇന്നുവരെയും ഇന്ത്യൻ സ്കൂൾ ഉപാധ്യക്ഷ സ്ഥാനം വഹിച്ച സമയത്തുമൊക്കെ മാധ്യമം പത്രത്തിന്റെ നിസ്സീമമായ സഹകരണവും പ്രോൽസാഹനവും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. പത്രത്തിന്റെ അകം പേജിൽ ബഹ്റൈൻ വിശേഷങ്ങളും തുടർന്നുള്ള പേജിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലെ വാർത്തകളും അറിയാൻ കഴിയുന്നു എന്നത് ആനന്ദകരമാണ്.
പ്രാദേശികവും അന്തർദേശീയവുമായ വാർത്തകളാൽ സമ്പന്നമായ പത്രം മലയാളത്തിലെ മറ്റേതൊരു പത്രത്തേക്കാളും ഗുണവിശേഷങ്ങളുള്ളതാണ് എന്നത് പറയാതെ വയ്യ. പ്രവാസ ജീവിതത്തിന്റെ ആദ്യ നാളുകളിൽ വാർത്തകളറിയാൻ നാട്ടിൽനിന്ന് സുഹൃത്തുക്കളും ബന്ധുക്കളുമയക്കുന്ന എയർമെയിൽ മാത്രമായിരുന്നു ആശ്രയം. ഇന്ന് വിരൽതുമ്പിൽ വിശേഷങ്ങളറിയാൻ സാധിക്കുമ്പോഴും പ്രഭാതഭക്ഷണം പോലെ ഒഴിച്ചുകൂടാൻ പറ്റാത്തതായി ഗൾഫ് മാധ്യമവുമുണ്ട്. ഈ പത്രം കൈവരിച്ച പുരോഗതിയിലുള്ള സന്തോഷം പങ്കുവെക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.