മനാമ: പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജന് ബഹ്‌റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയും ബഹ്‌റൈൻ ബില്ലവാസും സംയുക്തമായി പൗരസ്വീകരണം നൽകുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ ശിവഗിരി ധർമസംഘം മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമി, ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ശാരദാനന്ദ സ്വാമി, ഗുരു പ്രസാദ് സ്വാമി, വിശാലാനന്ദ സ്വാമി എന്നിവരെ ആദരിക്കും. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളുടെയും ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെയും പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.കെ. മുനീർ എം.എൽ.എ എന്നിവരും പങ്കെടുക്കും. സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ബിജുമോൻ ഫിലിപ്പോസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ എന്നിവരും സന്നിഹിതരായിരിക്കും. മതസൗഹാർദ സമ്മേളനം, പ്രശസ്ത സിനിമാതാരവും നർത്തകിയുമായ നവ്യ നായർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം എന്നിവയും പരിപാടിയോടനുബന്ധിച്ചുണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഗതാഗതസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 38377372, 39882437, 39688395 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സ്വീകരണ സമ്മേളനത്തിന്റെ നടത്തിപ്പിനായി ഷാജി കാർത്തികേയൻ (എസ്.എൻ.സി.എസ്), ബിനുരാജ് (ജി.എസ്.എസ്), രാജ് കുമാർ (ബില്ലവ ബഹ്‌റൈൻ) എന്നിവർ ജനറൽ കോഓഡിനേറ്റർമാരായി 101 പേരുടെ സ്വാഗതസംഘം രൂപവത്കരിച്ചു. വാർത്തസമ്മേളനത്തിൽ എസ്.എൻ.സി.എസ് ചെയർമാൻ ജയകുമാർ ശ്രീധരൻ, ജി.എസ്.എസ് ചെയർമാൻ ചന്ദ്രബോസ്, ബഹ്‌റൈൻ ബില്ലവാസ് പ്രസിഡന്‍റ് ഹരീഷ് പൂജാരി, എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, ജി.എസ്.എസ് ജനറൽ സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ, ബഹ്‌റൈൻ ബില്ലവാസ് കോഓഡിനേറ്റർമാരായ രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.