നിയന്ത്രണങ്ങൾ നീങ്ങി; സന്ദർശക വിസയിൽ വരവ് കൂടി

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ നിരവധി പേരാണ് നാട്ടിൽനിന്ന് ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ എത്തുന്നത്. സൗദി അറേബ്യയിൽ സ്വദേശിവത്കരണം വ്യാപകമായതും ജോലി തേടി ബഹ്റൈനിലേക്ക് വരുന്നവരുടെ എണ്ണം വർധിക്കാനിടയാക്കി. ഏജന്‍റിന്റെ വാക്ക് വിശ്വസിച്ച് ഇവിടെയെത്തുമ്പോഴാണ് പലർക്കും തട്ടിപ്പ് മനസ്സിലാവുക.

ഭീമമായ തുക ഈടാക്കി ആളുകളെ ഇവിടെ എത്തിക്കുന്ന ഏജന്‍റുമാർ ഒടുവിൽ കൈയൊഴിയുകയാണ് ചെയ്യുക. സന്ദർശക വിസയിൽ വന്ന് ജോലി നേടാം എന്ന ഏജന്‍റുമാരുടെ പരസ്യം കണ്ട് ചാടിപ്പുറപ്പെടാതിരിക്കുക എന്നതാണ് സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് നൽകുന്ന ഉപദേശം. ബഹ്റൈനിലെത്തിയാൽ ആശ്രയിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ വരാൻ പാടുള്ളൂ. ജോലി കിട്ടിയേക്കാം എന്ന പ്രതീക്ഷയിലാണ് എല്ലാവരും നാട്ടിൽനിന്ന് വിമാനം കയറുന്നത്.

എന്നാൽ, ജോലി ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്നതിനെക്കുറിച്ചും പുറപ്പെടുന്നതിന് മുമ്പുതന്നെ ആലോചിക്കണം. വിസിറ്റ് വിസയിൽ വന്നശേഷം ജോലിയൊന്നും ലഭിച്ചില്ലെങ്കിൽ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് ആരെ ആശ്രയിക്കും എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. സാമൂഹിക പ്രവർത്തകർ സഹായത്തിനുണ്ടാകും എന്ന ചിന്തയോടെ ആരും യാത്ര പുറപ്പെടരുത്.

ഒരു വർഷത്തെ മൾട്ടി എൻട്രി വിസ അനുവദിച്ചു തുടങ്ങിയതോടെയാണ് ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയത്. ഇന്ത്യക്ക് പുറമെ, ആഫ്രിക്കൻ രാജ്യങ്ങൾ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നെല്ലാം സന്ദർശക വിസയിൽ ആളുകൾ ധാരാളമായി എത്തുന്നുണ്ട്. ഇ-എൻ.ഒ.സി (സ്പോൺസേഡ്) വിസയിലാണ് വരുന്നതെങ്കിൽ കാര്യങ്ങൾ നോക്കാൻ ഇവിടെ ഉത്തരവാദിത്തമുള്ള ആരെങ്കിലുമുണ്ടാകും. എന്നാൽ, ഒരു വർഷത്തെ ഇ-വിസ സ്വന്തം നിലയിൽ എടുത്തുവരുന്നവരുടെ കാര്യത്തിൽ അങ്ങനെയാരും ഉണ്ടാകില്ല. ഒരു വർഷ വിസയിൽ വരുന്നവർ മൂന്ന് മാസം കൂടുമ്പോൾ രാജ്യത്തിന് പുറത്തു പോയി വരണമെന്നാണ് നിയമം. എന്നാൽ, ഇത് പാലിക്കാതെ തുടർച്ചയായി ഇവിടെ കഴിയുന്നവരുമുണ്ട്. പിടിക്കപ്പെട്ടാൽ 15 ദിവസത്തേക്ക് 25 ദീനാറാണ് പിഴ അടക്കേണ്ടതെന്ന കാര്യം പലരും ഓർക്കാറില്ല.

Tags:    
News Summary - Restrictions are lifted; Arrival on visitor visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.