മനാമ: പ്രവാസലോകത്തെത്തി ജീവിതം നശിപ്പിക്കുന്നവരെ തിരിച്ചുപിടിക്കാൻ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ശക്തമാക്കണമെന്ന് ആവശ്യം.ലഹരി വസ്തുക്കൾക്ക് അടിപ്പെട്ട് ജീവിതം പാഴാക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിവിധ കോണുകളിൽനിന്ന് ഇൗ ആവശ്യമുയരുന്നത്. അടുത്തിടെ നടന്ന ചില ദുരൂഹമരണങ്ങൾക്ക് പിന്നിലും ലഹരിയുടെ സ്വാധീനമുണ്ടെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. വിദ്യാർഥികൾപോലും ലഹരിയുടെ വലയിൽ പെടുന്നുണ്ടെന്നതാണ് വസ്തുത. സമീപകാലത്ത് മലയാളികൾ ഉൾപ്പെടെയുള്ളവർ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു. പെെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് വിദ്യാർഥികൾ ലഹരിയുടെ കെണിയിൽ പെടുന്നത്. രക്ഷിതാക്കൾക്കുപോലും ഇതേക്കുറിച്ച് യാതൊരു അറിവുമുണ്ടായിരിക്കില്ല. പുലർച്ചെ രണ്ടിനും മൂന്നുമണിക്കുമൊക്കെ വീട്ടുകാർ അറിയാതെ കുട്ടികൾ പുറത്തിറങ്ങി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സംഭവങ്ങളുമുണ്ടെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്.
മറ്റാരും അറിയാതെ ഇവർ വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും. വീട്ടുകാരുടെ മുന്നിൽ ഇവർ അച്ചടക്കമുള്ള കുട്ടികളായിരിക്കും. പകൽസമയങ്ങളിൽ പതിവിലധികം ഉൗർജസ്വലരായിരിക്കുകയും വീട്ടുജോലികളിലെല്ലാം സഹായിക്കുകയും ചെയ്യും. അതിനാൽതന്നെ രക്ഷിതാക്കൾക്ക് ഒരു സംശയവും തോന്നുകയില്ല. ഭക്ഷണം കഴിക്കാൻ ഇവർ വിമുഖത കാണിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പകരം ചോക്ലറ്റും മറ്റുമായിരിക്കും ഇവർക്ക് പ്രിയം. കോവിഡ് കാലത്ത് ഒാൺലൈൻ പഠനം വ്യാപകമായതോടെ വിദ്യാർഥികൾ സ്മാർട്ട്ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നത് കൂടി. തെറ്റായ കൂട്ടുകെട്ടുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സാധ്യതകൂടിയാണ് ഇത് തുറന്നത്.
മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തുക, സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ ബോധവത്കരണം നടത്തുക എന്നിവയാണ് അടിയന്തര പരിഹാരമാർഗങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടുതൽ അപകടങ്ങളിലേക്ക് പോകുംമുമ്പ് കുട്ടികളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. പ്രവാസലോകത്ത് വർഷങ്ങൾ ജോലിചെയ്തിട്ടും വെറും കൈയോടെ നാട്ടിലേക്ക് മടങ്ങുന്ന നിരവധിപേരുണ്ട്. തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് സമ്പാദ്യമെല്ലാം നശിപ്പിച്ചവരാണ് ഇവരിൽ പലരും. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഉദാരമതികളുടെ സഹായത്തോടെയാണ് ഇങ്ങനെയുള്ളവരെ നാട്ടിലേറ്റ് കയറ്റിവിടുന്നത്. ലഹരിയുടെ വഴിയേ സഞ്ചരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ യുവജനങ്ങളും ഇത്തരത്തിൽ അപകടകരമായ വഴിയിലൂടെയാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.