മനാമ: റമദാനിലെ ആചാരപ്പെരുമകളിൽ സവിശേഷ സ്ഥാനമാണ് അത്താഴംമുട്ടുകാർക്കുള്ളത്. നോമ്പുകാർക്ക് അത്താഴം കഴിക്കാൻ എഴുന്നേൽക്കുന്നതിനുള്ള സമയം അറിയിക്കാൻ അലാറം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുണ്ടെങ്കിലും അത്താഴംമുട്ടുകാർ ഇന്നും ബഹ്റൈന്റെ തെരുവോരങ്ങളിൽ ഗൃഹാതുരതയുടെ മധുരിക്കുന്ന ഓർമകളുണർത്തി കടന്നുപോകുന്നു.
മുതിർന്നവരെയും ചെറുപ്പക്കാരെയും ഒരുപോലെ ആകർഷിക്കുന്ന അത്താഴം മുട്ടുകാർ ഈ അനുഷ്ഠാനം അന്യം നിന്നുപോകാതെ കാത്തുസൂക്ഷിക്കുന്നു. അൽ മസാഹർ എന്നറിയപ്പെടുന്ന ഇവർ റമദാനിലെ രാത്രികാലങ്ങളിൽ പാതയോരങ്ങളിലൂടെ സഞ്ചരിക്കും. ഉച്ചത്തിൽ ചെണ്ട കൊട്ടി ആളുകളെ അത്താഴത്തിന് വിളിച്ചെഴുന്നേൽപ്പിക്കും. പഴയകാലത്ത് റമദാൻ നോമ്പെടുക്കുന്നവർക്ക് അത്താഴസമയം അറിയുന്നതിനുള്ള പ്രധാന മാർഗമായിരുന്നു ഇതെങ്കിൽ ഇന്ന് അതൊരു ആചാരമായി.
ഇസ്ലാമിന്റെ വ്യാപനകാലത്തുതന്നെ ഈ സമ്പ്രദായത്തിന് തുടക്കം കുറിച്ചുവെന്നാണ് കരുതുന്നത്. പിൽക്കാലത്ത് പെരുമ്പറ, നാടോടി പാട്ടുകൾ, കവിത തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി. ഓരോ രാജ്യത്തും തനത് രീതികൾ ഉയർന്നുവന്നു. അത്താഴംമുട്ടുകാരുടെ സംഘത്തോടൊപ്പം ചേരാൻ കുട്ടികൾ രാത്രി വൈകിയും കാത്തിരിക്കുന്നത് പതിവായിരുന്നു. സംഘത്തിനൊപ്പം തെരുവുകളിലൂടെ പാട്ടുപാടി നടന്ന് അവർ ആളുകളെ അത്താഴസമയം ഓർമിപ്പിച്ചിരുന്നു.
അത്താഴംമുട്ട് ഒരു ജോലിയായിട്ടല്ല പരിഗണിച്ചിരുന്നത്. എങ്കിലും ആളുകൾ അവർക്ക് ധാന്യങ്ങളും അരിയും പണവും സമ്മാനമായി നൽകിയിരുന്നു. ബഹ്റൈനിലെ ഓരോ ഗ്രാമത്തിലും നൂറ്റാണ്ടുകളോളം ഈ ആചാരം തുടർന്നുപോന്നു. ആധുനിക സംവിധാനങ്ങളുടെ കുത്തൊഴുക്കിനിടയിലും പാവനമായ അനുഷ്ഠാനംപോലെ അത്താഴം മുട്ടുകാർ ഇപ്പോഴും തെരുവുകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.