മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച ഈദ് ഇശൽ പരിപാടി വൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മാപ്പിള പാട്ടുകളുടെയും മദ്ഹ് ഗീതങ്ങളുടെയും നവ്യാനുഭൂതി സമ്മാനിച്ച ഈദ് സുധക്ക് പ്രശസ്ത ഗായകൻ ത്വാഹ തങ്ങൾ പൂക്കോട്ടൂരും മാസ്റ്റർ നിസാമുദ്ദീൻ പെരിന്തൽമണ്ണയും മുഹമ്മദ് സഈദ് ബഹ്റൈനും നേതൃത്വം നൽകി.
50 വർഷം പൂർത്തിയാക്കുന്ന എസ്.എസ്.എഫ് കേരളയുടെ ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ വേദി കൂടിയായിരുന്നു ഈദ് സുധ. ദഫ്മുട്ടിന്റെ അകമ്പടിയോടെ അരങ്ങേറിയ ഇശൽ പരിപാടിയിൽ ബഹ്റൈനിലെ നിരവധി ഗായകരും പങ്കെടുത്തു. മാപ്പിളപ്പാട്ടിന്റെ തനിമയും മേന്മയും കൈമോശം വന്നുപോകുന്ന പുതിയ കാലത്ത് തനതായ മാപ്പിളപ്പാട്ടിനെ മൂല്യം ചോരാതെ അനുവാചകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് ഈ ഇശൽവിരുന്നൊരുക്കിയത്.
മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് ബാഫഖി തങ്ങളുടെ പ്രാർഥനയോടെ തുടങ്ങിയ ഈദ് സുധ സയ്യിദ് അബ്ദുസ്സലാം അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു. ഐ.സി.എഫ് നാഷനൽ പ്രതിനിധികളായ സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്തീഫി, സുലൈമാൻ ഹാജി, വി.പി.കെ. അബൂബക്കർ ഹാജി, ഹകീം സഖാഫി കിനാലൂർ, കെ.എം.സി.സി ഉപാധ്യക്ഷൻ ശംസുദ്ദീൻ വള്ളിക്കുളങ്ങര, ആർ.എസ്.സി ഗ്ലോബൽ എക്സി അഡ്വക്കറ്റ് ഷെബീർ അലി, കെ.സി.എഫ് നാഷനൽ സെക്രട്ടറി ഹാരിസ് സംബ്യ, ഡി.കെ.എസ്.സി സെക്രട്ടറി അഷ്റഫ്, റഹീം സഖാഫി, അബ്ദുല്ല രണ്ടത്താണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.