മനാമ: സ്കൂൾ ക്ലാസുകളിൽ ഹാജരാവുന്നതിൽനിന്ന് കുട്ടികളെ പത്ത് ദിവസത്തിലധികം അന്യായമായി തടയുന്ന രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ആൽ നുെഎമി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ പൂർണമായ വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പുവരുത്താത്ത രക്ഷിതാക്കൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർഥി ക്ലാസിൽ ഹാജരാകാത്തതിനുള്ള കാരണം മന്ത്രാലയത്തിന് സ്വീകാര്യമല്ലാതിരിക്കുകയോ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ് രക്ഷിതാക്കൾ അവഗണിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട കമ്മിറ്റി ആവശ്യമായ രേഖകൾ സഹിതം മന്ത്രിക്ക് റിപ്പോർട്ട് നൽകണം. നിയമലംഘനം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഒാഫിസിൽ പരാതി നൽകേണമോയെന്നതിൽ മന്ത്രി തീരുമാനമെടുക്കും.
എല്ലാ പൊതു^സ്വകാര്യ വിദ്യാലയങ്ങളും വിദ്യാർഥികളുടെ ഹാജർനില കണിശമായി പരിശോധിക്കണമെന്നും പത്ത് ദിവസത്തിലധികം തുടർച്ചയായി ക്ലാസിൽ വരാതിരിക്കുകയോ സ്കൂളിൽനിന്ന് വിടുതൽ വാങ്ങുകയോ ചെയ്താൽ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ കാരണമന്വേഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ ഫവാസ് ആൽ ശുറൂഖി പറഞ്ഞു. സ്കൂളിന് ഇക്കാര്യത്തിൽ പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിന് കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥി ക്ലാസിൽ ഹാജരാകാതിരിക്കാൻ കാരണം രക്ഷിതാക്കളാണെന്ന് തെളിയുകയും ബന്ധപ്പെട്ട വകുപ്പുമായി അവർ സഹകരിക്കാതിരിക്കുകയും ചെയ്താൽ അവർക്ക് മുന്നറിയിപ്പ് നൽകുന്ന കത്ത് വകുപ്പിൽനിന്ന് അയക്കും. പിന്നീട് കേസ് മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നതിനുള്ള നടപടികൾ എടുക്കും. കഴിഞ്ഞ വർഷം 79 വിദ്യാർഥികൾ ദീർഘാവധി എടുത്ത കേസുകൾ മന്ത്രാലയം വിജയകരമായി കൈകാര്യം ചെയ്തതായും ഫവാസ് ആൽ ശുറൂഖി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.