മനാമ: കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും അധ്യയന വർഷം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന് വിദ്യാഭ്യാസമന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുഐമി വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ജീവനക്കാരെയും അഭിനന്ദിച്ചു.
കഴിഞ്ഞ വർഷം 2977 സെക്കൻഡറി വിദ്യാർഥികളാണ് വിജയിച്ചത്. ഇവരിൽ 2154 പെൺകുട്ടികളും 823 ആൺകുട്ടികളുമാണ്. 97.3 ശതമാനമാണ് മൊത്തത്തിലുള്ള വിജയനിരക്ക്.
പെൺകുട്ടികളുടെ മികച്ച പ്രകടനമാണ് പരീക്ഷയുടെ സവിശേഷത. സയൻസ്, മാത്തമാറ്റിക്സ് വിഭാഗത്തിൽ റീം ഹാമിദും അബ്ദുൽ നാസർ മുഹമ്മദും ടോപ് സ്കോറർമാരായി. 99.9 ശതമാനം മാർക്കാണ് ഇവർ നേടിയത്. കമേഴ്സ്യൽ സയൻസ് സ്ട്രീമിൽ മറിയം അബ്ദുൽ ജബ്ബാറും ലാംഗ്വേജ് ആൻഡ് ഹ്യൂമാനിറ്റീസ് സ്ട്രീമിൽ കൗതാർ മഹ്ദി അൽമഹ്റൂസും ആൺകുട്ടികൾക്ക് മാത്രമുള്ള റിലീജ്യസ് സ്ട്രീമിൽ ജാഫർ സൽമാനും ടോപ്പർമാരായി. അടുത്ത അധ്യയനവർഷം സ്കൂൾ പാഠ്യപദ്ധതിയിൽ പരിഷ്കാരമുണ്ടാകുമെന്നും പ്രഫഷനൽ പ്രോഗ്രാമുകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 18 പുതിയ സ്കൂളുകൾ ആരംഭിക്കുന്നതിനുപുറമേ 24 സ്കൂൾ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്യും. വിവിധ സ്കൂളുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കും.
സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പാഠങ്ങൾ അഭ്യസിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളും അടുത്ത അക്കാദമിക് വർഷമുണ്ടാകും. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സഹായിക്കുന്നതിനും ശ്രമങ്ങളുണ്ടാകും. പ്രഫഷനൽ പ്രോഗ്രാമുകളിൽ സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.