സൗദിയിലെ വലിയ വിനോദസഞ്ചാര കടൽപാലം 'ശൂറ' തുറന്നു

ജിദ്ദ: രാജ്യത്തെ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നു. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് 'ശൂറ' എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. റെഡ്സീ ഡെവലപ്മെൻറ് കമ്പനിയാണ് നിർമാണം നടത്തിയത്. ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും.

3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ള പാലം വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ്. ആ സവിശേഷത സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുമെന്ന് റെഡ്സീ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വിശദീകരിച്ചു. പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. അതുപോലെ കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന നടപ്പാതയും ഇതിലുണ്ട്.

ഈ നേട്ടം ലക്ഷ്യസ്ഥാനത്തിലേക്കുള്ള കേവലം അടിസ്ഥാന സൗകര്യങ്ങളുടെ പൂർത്തീകരണമല്ലെന്നും സമഗ്രമായ സുസ്ഥിര വികസനത്തിലേക്കുള്ള കുതിപ്പാണെന്നും സി.ഇ.ഒ വ്യക്തമാക്കി. പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും രൂപകൽപനയിലും വികസന ഘട്ടങ്ങളിലും കണക്കിലെടുത്തിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

പരിസ്ഥിതി സൗഹൃദപരമായി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് ഭീമാകാരമായ നിർമാണ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നതിന്റെ വലിയ തെളിവാണ് 'ശൂറ' പാലമെന്നും സി.ഇ.ഒ പറഞ്ഞു. പല തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പിങ് പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും.പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ പാലത്തിൽ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ജൂലൈ 31നാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെങ്കടൽ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. ആകെ 34,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി. ഉംലജ്, അൽവജ്അ് പ്രദേശങ്ങൾക്കിടയിലുള്ള 90ലധികം പ്രകൃതിദത്ത ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ ദ്വീപുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

ഈ വർഷം അവസാനത്തോടെ ദ്വീപിലെ ആദ്യത്തെ ഹോട്ടൽ തുറക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ പദ്ധതിയിട്ടിരിക്കുന്ന 16 ഹോട്ടലുകൾ അടുത്ത വർഷം അവസാനത്തോടെയും തുറക്കും. 2030ൽ പദ്ധതി പൂർത്തിയാകുമ്പോൾ ചെങ്കടലിൽ 8,000 വരെ മുറികളുള്ള 50 ഹോട്ടലുകൾ, 1,000ത്തിലധികം റെസിഡൻഷ്യൽ യൂനിറ്റുകൾ, ഒരു ആഡംബര കടലോര റിസോർട്ട്, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും റെഡ്സീ ടൂറിസം പദ്ധതി.

Tags:    
News Summary - 'Shura', the biggest tourist sea bridge in Saudi Arabia, was opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.