മനാമ: സോപാനം വാദ്യകലാസംഘം കോൺവെക്സ് ഇവന്റുമായി സഹകരിച്ച് നടത്തുന്ന വാദ്യസംഗമം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ ജുഫൈർ അൽ നജ്മ ക്ലബിൽ നടക്കും. പരിപാടിയുടെ എല്ലാവിധ ക്രമീകരണങ്ങളും സോപാനം വാദ്യകലാസംഘം ഡയറക്ടർ മേള കലാരത്നം സന്തോഷ കൈലാസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സിനിമാതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി എന്നിവർ മുഖ്യസാന്നിധ്യമാകും. വാദ്യസംഗമം 2024ൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 35ൽപരം ആളുകൾ വാദ്യകലാരംഗത്തേക്ക് അരങ്ങേറും.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഭാരതീയ സാംസ്കാരിക തനിമയെ പ്രോജ്ജ്വലിപ്പിക്കുന്ന ‘വർണോത്സവം 2024’ അവതരണങ്ങളിൽ വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ അരങ്ങിലെത്തും. തായമ്പകയിലെ യുവരാജാക്കൻമാർ എന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവർ നയിക്കുന്ന തായമ്പകത്രയം വാദ്യസംഗമ വേദിയുടെ പ്രധാന ആകർഷണമാണ്.
സോപാനസംഗീതരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ 51 അംഗ സോപാനസംഗീതജ്ഞർ അണിനിരക്കുന്ന സോപാനസംഗീത അവതരണം നടക്കും.
വർണപ്പകിട്ടുള്ള കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും താലപ്പൊലിയും നാദസ്വരവും മുത്തുക്കുടകളും മേളവുമായി വർണാഭമായ ഘോഷയാത്രയോടെ സാംസ്കാരിക ആദരസഭ ആരംഭിക്കും. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സോപാനം വാദ്യസംഗമം 2024 ഉദ്ഘാടനം നിർവഹിക്കും. വേദിയിൽ പ്രവാസ വൈദ്യശാസ്ത്രരംഗത്തെ സംഭാവനകളെ മാനിച്ച് ഡോ. പി.വി. ചെറിയാനെ ആദരിക്കും.
251 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേള വിസ്മയം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ അരങ്ങേറുമ്പോൾ ചെണ്ട വാദ്യകലാരംഗത്തേക്ക് 26 കലാകാരന്മാർ അരങ്ങേറ്റം കുറിക്കും. ലോകപ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയും സംഘവും നയിക്കുന്ന ഫ്ലൂട്ട് ഫ്യൂഷൻ വാദ്യസംഗമം വേദിയുടെ പ്രധാന ആകർഷണമായിരിക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.