മനാമ: അമേരിക്കൻ മിഷൻ ആശുപത്രിയും (എ.എം.എച്ച്) ഇന്ത്യയിലെ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജും (സി.എം.സി) സഹകരിക്കുന്നു. ഇരുസ്ഥാപനങ്ങളും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണപത്രം (എം.ഒ.യു) ഒപ്പുവെച്ചു. എ.എം.എച്ചിന് ലോകോത്തര മെഡിക്കൽ, ശസ്ത്രക്രിയ വൈദഗ്ധ്യം സാധ്യമാക്കുന്നതിനൊപ്പം സി.എം.സി വെല്ലൂരിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ബഹ്റൈനിലെ രോഗികൾക്ക് ലഭിക്കാനും സഹകരണം വഴിയൊരുക്കും.
എ.എം.എച്ച് ബഹ്റൈൻ കോർപറേറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോർജ് ചെറിയാനും സി.എം.സി വെല്ലൂർ ഡയറക്ടർ ഡോ. വിക്രം മാത്യൂസുമാണ് ധാരണപത്രം ഒപ്പിട്ടത്. പുതിയ ആശുപത്രി സബ്സ്പെഷാലിറ്റികൾ ആരംഭിക്കാനും മെഡിക്കൽ ഗവേഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ധാരണാപത്രം ലക്ഷ്യമിടുന്നു.
ഫിസിഷ്യൻമാരുടെയും സർജൻമാരുടെയും അറിവും വൈദഗ്ധ്യവും വർധിപ്പിക്കുക, നഴ്സിങ് ജീവനക്കാരുടെ മികവ് മെച്ചപ്പെടുത്തുക, പ്രത്യേക ക്ലിനിക്കൽ സേവനങ്ങളിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ജീവനക്കാർക്ക് പുതിയ ഉൾക്കാഴ്ചകൾ പകരുക എന്നിവയും സഹകരണം വഴി ഉദ്ദേശിക്കുന്നു. ഇലക്ട്രോഎൻസെഫലോഗ്രാം (ഇ.ഇ.ജി), എക്കോകാർഡിയോഗ്രാഫി, ഓപ്പറേഷൻ റൂമുകൾ, തീവ്രപരിചരണ വിഭാഗങ്ങൾ (ഐ.സി.യു) എന്നിവയിലെ സാങ്കേതികതകൾ പരിചയിക്കാൻ അവസരമൊരുങ്ങും. എ.എം.എച്ചിലെ ഡോക്ടർമാർക്ക് വെല്ലൂർ സി.എം.സി സന്ദർശിക്കാനും അവസരം ലഭിക്കും.
റിഫോംഡ് ചർച്ച് ഇൻ അമേരിക്കയുടെ (ആർ.സി.എ) മിഷൻ ബോർഡുകളാണ് എ.എം.എച്ചും വെല്ലൂർ സി.എം.സിയും സ്ഥാപിച്ചത്. 1900-ൽ അമേരിക്കൻ മിഷനറി ഡോ. ഐഡ എസ്. സ്കഡറാണ് വെല്ലൂർ സി.എം.സി സ്ഥാപിച്ചത്. 1903-ൽ മറ്റൊരു അമേരിക്കൻ മിഷനറിയായ ഡോ. സാമുവൽ സ്വെമർ സ്ഥാപിച്ചതാണ് ബഹ്റൈൻ അമേരിക്കൻ മിഷൻ ആശുപത്രി.
2024-ൽ ഔട്ട്ലുക്ക് ഐകെയർ സർവേ സിഎംസി വെല്ലൂരിനെ ഇന്ത്യയിലെ ഒന്നാം നമ്പർ മെഡിക്കൽ സ്ഥാപനമായി തിരഞ്ഞെടുത്തിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് - മെഡിക്കൽ, ഇന്ത്യ ടുഡേ (മെഡിക്കൽ) സർവേകൾ പ്രകാരം മൂന്നാം സ്ഥാനത്തും, ന്യൂസ് വീക്ക്-സ്റ്റാറ്റിസ്റ്റ സർവേയിൽ ലോകത്തിലെ മികച്ച ആശുപത്രികളിൽ (ഇന്ത്യ) നാലാം സ്ഥാനത്തുമാണ് സി.എം.സി വെല്ലൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.