മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്റൈനും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ‘സമ്മർ ഡിലൈറ്റ് സീസൺ ടു’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 14 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷം നടത്തിയ ‘സമ്മർ ഡിലൈറ്റ്’ കുട്ടികളിലും രക്ഷിതാക്കളിലും ഏറെ സ്വീകാര്യത നേടിയിരുന്നു.
അതിന്റെ തുടർച്ചയായിട്ടാണ് ഈ വർഷവും ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക. നാട്ടിൽനിന്നുള്ള പ്രശസ്ത മോട്ടിവേഷനൽ ട്രെയിനർമാർ, ലൈഫ് കോച്ചുമാർ, ചൈൽഡ് സ്പെഷലിസ്റ്റുകൾ തുടങ്ങിയവരാണ് നേതൃത്വം നൽകുക. ഇത് കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വ്യത്യസ്ത വിഷയങ്ങൾ കൈകാര്യംചെയ്യും.
നാടൻ കളികൾ, ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പരിശീലനം, കരിയർ & ലൈഫ് സ്കിൽസ്, ഹെൽത്ത് & ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി, എക്സ്പ്രെസിവ് ആർട്സ്, ടൈം മാനേജ്മെന്റ്, ക്രിയേറ്റിവ് സ്കിൽ എൻഹാൻസ്മെന്റ്, ടെക്നോളജി & ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതുപ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കലാമത്സരങ്ങൾ, പ്രദര്‍ശനങ്ങൾ, പ്രൊജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായുണ്ടാവും. രക്ഷിതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകളും ഒരുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽനിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 33373214, 36128530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ക്യാമ്പ് ഡയറക്ടർ അബ്ദുൽ ഹഖും ടീൻ ഇന്ത്യ കൺവീനർ അനീസ് വി.കെയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.